മുംബയ്: ഗ്ലൗസ് നിർമാണ കമ്പനിയിലുണ്ടായ വൻ തീപിടിത്തത്തിൽ ആറ് തൊഴിലാളികൾ മരിച്ചു.മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലാണ് സംഭവം നടന്നത് . നിരവധിപേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഫാക്ടറിക്കുളളിൽ ഉറങ്ങിക്കിടന്നവരാണ് അപകടത്തിൽപ്പെട്ടത്.പുലർച്ചെ രണ്ടേകാലോടെയായിരുന്നു അപകടം. അഗ്നിശമന സേന ഏറെ പണിപ്പെട്ടാണ് കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയവരെ പുറത്തെത്തിച്ചത്. രാവിലെയോടെയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. പതിനഞ്ചോളം പേരാണ് അപകടസമയം ഫാക്റിയിലുണ്ടായിരുന്നത്. രാത്രി ഷിഫ്ടുകഴിഞ്ഞ തൊഴിലാളികൾ ഉറങ്ങിയ ഉടനാണ് തീ പടർന്നത്. പുറത്തിറങ്ങാനാവാത്തവിധം കുടുങ്ങിയതിനുശേഷമാണ് എന്താണ് സംഭവിച്ചതെന്നുപോലും അവർക്ക് മനസിലായത്. അതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതും. രാസവസ്തുക്കളാണ് തീ പെട്ടെന്ന് പടരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.’പുലര്‍ച്ചെ ഫോൺകോൾ ലഭിച്ചതിനെ തുടർന്ന് . ഞങ്ങള്‍ സ്ഥലത്ത് എത്തിയപ്പോള്‍ ഫാക്ടറി മുഴുവന്‍ തീപിടിച്ചിരുന്നു. ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ അകത്ത് പ്രവേശിച്ചു, ആറ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു’ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ഒരു അഗ്നിശമനസേനാംഗം വാര്‍ത്താഏജന്‍സിയോട് പ്രതികരിച്ചു.അപകടത്തിന്റെ കാരണം എന്താണെന്നോ എത്രരൂപയുടെ നാശനഷ്ടമുണ്ടായെന്നോ ഇപ്പോൾ പറയാനാവില്ലെന്നാണ് അധികൃതർ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു. ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു.#fire