ആലുവ: കൊവിഡ് വാക്സിൻ സ്വീകരിച്ചവർ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നതായുള്ള കുറിപ്പ് പാതാളം ഇ.എസ്.ഐ ആശുപത്രിയിൽ പതിച്ചിരിക്കുന്നതായി സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം. ആറ് മാസം മുമ്പുണ്ടായ സമാനമായ പ്രചരണത്തെ തുടർന്ന് ഇ.എസ്.ഐ അധികൃതർ ഇതിനെതിരെ പത്രകുറിപ്പ് പുറത്തിറക്കിയിരുന്നു. തുടർന്ന് നിലച്ച പ്രചരണമാണ് വീണ്ടും സമൂഹമാദ്ധ്യമങ്ങളിൽ സജീവമായത്
വാക്സിൻ എടുത്ത 40 നും 60 നും ഇടയിൽ പ്രായമുള്ളവർ അപ്രതീക്ഷിത ഹൃദയാഘാതംമൂലം മരിക്കുന്നത് സാധാരണയായി മാറിയെന്നും വാക്സിൻ രക്തകുഴലുകളെ പരുക്കനാക്കിയെന്നും ഇതുമൂലം രക്തം കട്ടപിടിക്കുന്നതായും കുറിപ്പിൽ പറയുന്നു. അതിനാൽ വാക്സിൻ എടുത്തവർ രക്തത്തിൽ ഡി. ഡൈമർ ലെവൽ പരിശോധിക്കാനും വൈദ്യസഹായം തേടാനും നിർദ്ദേശിച്ചാണ് കുറിപ്പെന്നും പ്രചരണമുണ്ട്.
പാതാളം ഇ.എസ്.ഐ ആശുപത്രിയിൽ ഒട്ടിച്ചിരിക്കുന്നുവെന്ന തരത്തിലെ കുറിപ്പ് സഹിതമാണ് സോഷ്യൽ മീഡിയയിലെ പ്രചരണം. ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുന്നതിനൊപ്പം വാക്സിൻ എടുപ്പിക്കാൻ എന്തൊരുത്സാഹമായിരുന്നുവെന്ന പരിഹാസവുമുണ്ട്. അതേസമയം, ഇത്തരമൊരു കുറിപ്പ് ഇ.എസ്.ഐ പുറത്തിറക്കിയിട്ടില്ലെന്നും വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.