കണ്ണൂർ : നവകേരള സദസിനെ കരിങ്കൊടി കാണിച്ച് ചെറുതാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന് പിന്നിൽ നിഗൂഢ അജണ്ടയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം പ്രവർത്തകർ ഇതിൽ പ്രകോപിതരാകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജനം നെഞ്ചേറ്റിയ പരിപാടിയുടെ ശോഭ കെടുത്താൻ വരുന്നവർക്ക് അവസരം ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കരിങ്കൊടി കാണിച്ചവരുടെ ഉദ്ദേശം വേറെയാണ്. തങ്ങൾ തളിപ്പറമ്പിലേക്ക് വരുമ്പോൾ ബസിന് മുന്നിൽ ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും ചാടി വീണു. എതിർപ്പുമായി വരുന്നവരെ ആൾക്കൂട്ടം കൈകാര്യം ചെയ്താൽ എന്ത് സംഭവിക്കും. റോഡരികിൽ നിന്നവർ സംയമനം പാലിച്ചു. കരിങ്കൊടി കാട്ടിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിഗൂഢ അജണ്ടയുമായി വരുന്നവരാണ് പ്രതിഷേധം നടത്തുന്നത്. ആരും പ്രകോപിതർ ആകരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കല്യാശേരി മണ്ഡലത്തിലെ പഴയങ്ങാടി പൊലീസ് സ്റ്റേഷന് സമീപമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നവകേരള സദസിനുള്ള പ്രത്യേക ബസിന് നേരെ കരിങ്കൊടി കാണിച്ചത്. ഇതിനെ പിന്നാലെ അവിടെ ഉണ്ടായിരുന്ന സി.പി.എം പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചു. മര്‍ദ്ദനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹന്‍ ഉള്‍പ്പെടെ ഏഴ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മാടായിപ്പാറ പാളയം മൈതാനത്ത് നടന്ന നവകേരള സദസ് കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങുമ്പോഴായിരുന്നു വൻ പൊലീസ് സുരക്ഷയെ മറികടന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാരെ പിടിച്ചു മാറ്റുന്നതിനിടെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരെത്തി ഇവരെ മർദ്ദിക്കുകയായിരുന്നു.
സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസിന് നേരെയും സി..പി.എം പ്രവർത്തകർ തട്ടിക്കയറി. സുരക്ഷാ വീഴ്ച ആരോപിച്ചായിരുന്നു പൊലീസിന് നേരെയുള്ള പ്രതിഷേധം. അതിനിടെ പഴയങ്ങാടി സ്റ്റേഷനിൽ കരുതൽ തടങ്കലിൽ ഉണ്ടായിരുന്ന യൂത്ത് കോൺഗ്രസ് , എം.എസ്.എഫ് പ്രവർത്തകർ പുറത്തേക്കിറങ്ങുകയും ഇവരെ സ്റ്റേഷൻ കോമ്പൗണ്ടിൽ കയറി ഡി. വൈ.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചതായും ആരോപണമുണ്ട്.