ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് എട്ടാം തോൽവി. വോൾവ്സാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചെൽസിയെ തളർത്തിയത്. കഴിഞ്ഞ ആറ് ലീഗ് മത്സരങ്ങളിലെ നാലാം തോൽവിയാണ് ചെൽസിയുടേത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 51ാം മിനിറ്റിൽ മാരിയോ ലെമിനയും ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ പകരക്കാരൻ മാറ്റ് ഡൊഹെർട്ടിയും വോൾവ്‌സിനായി ലക്ഷ്യം കണ്ടപ്പോൾ ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിൽ പകരക്കാരൻ ക്രിസ്റ്റഫൻ എൻകുൻകുവിലൂടെയാണ് ചെൽസി ആശ്വാസഗോൾ കണ്ടെത്തിയത്.
മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയിട്ടും ബാൾ ലക്ഷ്യത്തിലെത്തിക്കുന്നതിലെ പരാജയമാണ് ചെൽസിക്ക് തിരിച്ചടിയായത്. 28ാം മിനിറ്റിൽ ബോക്സിന് തൊട്ടടുത്തുനിന്ന് അവർക്കനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും റഹിം സ്റ്റർലിങ്ങിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. രണ്ട് മിനിറ്റിനകം വോൾവ്സിനും സമാന അവസരം ലഭിച്ചെങ്കിലും പ്രതിരോധത്തിൽ തട്ടി പുറത്തേക്ക് പോയി. ഉടൻ എതിർ പ്രതിരോധ താരത്തിൽനിന്ന് തട്ടിയെടുത്ത പന്തുമായി സ്റ്റർലിങ് കുതിച്ചെങ്കിലും ഗോളി മാത്രം മുന്നിൽ നിൽക്കെ അവസരം അവിശ്വസനീയമായി നഷ്ടപ്പെടുത്തി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ വോൾവ്സിനും അവസരം ലഭിച്ചെങ്കിലും ഹെഡർ ചെൽസി ഗോൾകീപ്പർ തടഞ്ഞിട്ടു.