ഡൽഹി: എസ്ബിഐ കൈമാറിയ ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക സമിതി രൂപീകരിക്കും. പരിശോധിച്ച് പതിനഞ്ചിന് തന്നെ ഇലകട്റല്‍ ബോണ്ട് വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. 2024 ഫെബ്രുവരി 15 വരെയുള്ള ബോണ്ടുകളുടെ വിവരം കൈമാറിയതായി എസ്ബിഐ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.
കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന സുപ്രീംകോടതി മുന്നറിയിപ്പിന് പിന്നാലെയാണ് എസ്ബിഐ ഇന്നലെ ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്. ഡിജിറ്റലായാണ് ബോണ്ടിന്‍റെ വിവരങ്ങള്‍ എസ്ബിഐ നല്‍കിയിരിക്കുന്നത്. ആരൊക്കെ ബോണ്ടുകൾ വാങ്ങിയെന്നതടക്കമുള്ള വിവരങ്ങളാണ് കൈമാറിയത്. താന്‍ ദില്ലിയില്‍ തിരിച്ചെത്തിയ ശേഷം വിവരങ്ങള്‍ പരിശോധിച്ച് പതിനഞ്ചിന് തന്നെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.