പരവൂർ: പൂതക്കുളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ ശുദ്ധജലക്ഷാമം അനുഭവപ്പെടുന്നു. പല പ്രദേശങ്ങളിലും ജലഅതോറിറ്റിയുടെ പൈപ്പിലൂടെ വെള്ളം ലഭിച്ചിട്ട് രണ്ടുമാസത്തിലധികമായതായി നാട്ടുകാർ പറയുന്നു.
പുത്തൻകുളത്തെ സംഭരണിയിൽനിന്ന് ജലവിതരണവകുപ്പിന്റെ പമ്പിങ് നിലച്ചതോടെയാണ് പൂതക്കുളം പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായത്. ചക്കുവിള, ഹരിജൻബാങ്ക്, പണ്ടാരവിള, കലയ്ക്കോട്, ഇടയാടി തുടങ്ങിയ ഭാഗങ്ങളിലെ ആളുകളാണ് കഷ്ടപ്പെടുന്നത്. ചക്കുവിള, പണ്ടാരവിള അംഗൻവാടികളിലെ കുരുന്നുകൾക്ക് ജീവനക്കാർ തലച്ചുമടായാണ് വെള്ളം എത്തിക്കുന്നത്. സ്കൂളുകളിലെ സ്ഥിതിയും ദയനീയമാണ്. ജപ്പാൻ കുടിവെള്ളപദ്ധതിവഴി പുനലൂരിൽനിന്ന് ചാത്തന്നൂർ ഭാഗത്തേക്കുള്ള വെള്ളം മറ്റിടങ്ങളിലേക്ക് നൽകുന്നതാണ് പ്രശ്നകാരണമായി നാട്ടുകാർ പറയുന്നത്.
ജലജീവൻ വഴിയുള്ള വിതരണക്കുഴലുകൾ സ്ഥാപിച്ചതോടെ ഗാർഹിക കണക്ഷനുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. എന്നാൽ മാസംതോറും ബില്ല് അടക്കുന്നെങ്കിലും വെള്ളം വീടുകളിലെത്താത്തതിനുപിന്നിൽ പദ്ധതി അട്ടിമറിക്കാനുള്ള നീക്കമാണെന്നാണ് ആക്ഷേപം.