ആലപ്പുഴ: ഐക്യരാഷ്ട്രസഭ കുട്ടനാടിനെ കാർഷിക പൈതൃക പദവിയിൽ ഉൾപ്പെടുത്തി നൽകിയ ഫലകം കണ്ടെത്തി. ഡോ. എം.എസ്. സ്വാമിനാഥന്റെ മകളും വിഖ്യാത ശാസ്ത്രജ്ഞയുമായ ഡോ. സൗമ്യാ സ്വാമിനാഥനാണ് ഫലകം തന്റെ പക്കലുണ്ടെന്ന് മന്ത്രി പി. പ്രസാദിനെ അറിയിച്ചത്. മന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അടുത്ത ദിവസം തന്നെ ഇതേറ്റുവാങ്ങി കുട്ടനാട്ടിൽ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
ഫലകം കാണാതായതിനെ തുടർന്ന് അതു കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകിയിരുന്നു. അതിനിടയിലാണ് വാർത്തയറിഞ്ഞ ഡോ. സൗമ്യാ സ്വാമിനാഥൻ, ഫലകം തന്റെ പക്കലുണ്ടെന്ന് അറിയിച്ചത്. നിലവിൽ സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ചെയർപേഴ്സണാണ് സൗമ്യാ സ്വാമിനാഥൻ.
ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രിക്കൾച്ചറൽ ഓർഗനൈസേഷനാണ് 2012-ൽ കുട്ടനാടിന് അന്താരാഷ്ട്ര കാർഷിക പൈതൃകപദവി നൽകിയത്. ഫലകം ഡോ. എം.എസ്. സ്വാമിനാഥനാണ് അന്ന് ഏറ്റുവാങ്ങിയത്. പിന്നീട്, സ്വാമിനാഥൻ ഫൗണ്ടേഷന്റെ രജതജൂബിലി ചടങ്ങിൽ അന്നത്തെ രാഷ്ട്രപതി പ്രണബ്കുമാർ മുഖർജി, മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഫലകം കൈമാറിയിരുന്നു. എന്നാൽ, ഇത് കുട്ടനാട്ടിൽ സ്ഥാപിച്ചില്ല. തുടർന്നാണ് കാണാതായത്.#kuttanad
Read more- വയോധികയെ ക്രൂരമായി ഉപദ്രവിച്ച് മകൾ