തിരുവനന്തപുരം: ഡോ ഷഹനയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ ഡോ ഇഎ റുവൈസിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം പ്രതിഷേധം ശക്തമാകുന്നു. ഷഹനയുടെ കുടുംബത്തിന്റെ പരാതിയിൽ ആത്മഹത്യ പ്രേരണ കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തി പൊലീസ് റുവൈസിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നാലെയാണ് റുവൈസിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നത്. റുവൈസും കുടുംബവും ആവശ്യപ്പെട്ട സ്ത്രീധനം നൽകാൻ കഴിയാത്തതിനെ തുടർന്നാണ് ഡോ ഷഹന ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചിരുന്നു.
പിജി മെഡിക്കൽ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ് കൂടിയാണ് ഇപ്പോൾ കസ്റ്റഡിയിലുള്ള ഡോ റുവൈസ്. പ്രണയിച്ച ഒരു യുവ ഡോക്ടറായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ റുവൈസും മാതാപിതാക്കളും വിലപേശി വിലയിട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരോപണം. മാസങ്ങൾക്ക് മുമ്പ് മദ്യലഹരിയിൽ അക്രമാസക്തനായ വ്യക്തി ഡോ വന്ദനയെ ആശുപത്രിയിൽ വച്ച് കുത്തിക്കൊലപ്പെടുത്തിയപ്പോൾ ഇവിടത്തെ സിസ്റ്റത്തിനെതിരെ റുവൈസ് പ്രസംഗിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
അന്ന് സിസ്റ്റത്തിനെതിരെ പ്രതിഷേധിച്ചയാൾ ഇന്ന് ഒരു പെൺകുട്ടിയുടെ ജീവനെടുക്കുന്നതിന് കാരണമായെന്നാണ് സോഷ്യൽ മീഡയയിൽ ഉയരുന്ന വിമർശനം. വിഷയത്തിൽ പ്രതികരിച്ച് പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമനയും രംഗത്തെത്തിയിട്ടുണ്ട്. ഡോ വന്ദനയെ ഹോസ്പിറ്റലിൽ വവച്ച് കുത്തിക്കൊലപ്പെടുത്തിയപ്പോൾ നടന്ന പ്രതിഷേധത്തിൽ റുവൈസ് പ്രതികരിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ടാണ് ശ്രീജിത്ത് പെരുമനയുടെ പ്രതികരണം.
‘ഏതാനും മാസം മുമ്പ് മദ്യ ലഹരിയിൽ അക്രമാസക്തനായ വ്യക്തി ഡോ. വന്ദനയെ ഹോസ്പിറ്റലിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയപ്പോൾ നടന്ന പ്രതിഷേധത്തിൽ ഇവൻ സിസ്റ്റത്തിന് എതിരെ ഉറഞ്ഞ് തുള്ളി പ്രസംഗിച്ച വീഡിയോ കണ്ടിരുന്നു. വീഡിയോ വാർത്തയ്ക്ക് കീഴിൽ വന്ന കമന്റിന്റെ സ്‌ക്രീൻ ഷോട്ട് ആണ് രണ്ടാമത്തെ ചിത്രം. ഇവനാണ് ആൺകുട്ടി, ഇയാളെ പ്പോലുള്ളവർ രാഷ്ട്രീയത്തിൽ വരണം.. കേരളം നന്നാക്കിയെടുക്കണം… ഇതാണ് കമന്റ്’.
’50 പവനും 15 ഏക്കറും കാറും നൽകാമെന്ന് പറഞ്ഞിട്ടും അത് പോരാ. 150 പവനും 15 ഏക്കർ സ്ഥലവും ബിഎംഡബ്ല്യു കാറും. വേണമെന്ന് നിർബന്ധം പിടിച്ചു. ഇത് ഏകദേശം ഇരുപത്
കോടിയോളം രൂപ വരും. പ്രണയിച്ച ഒരു യുവ ഡോക്ടറായ പെൺകുട്ടിയെ വിവാഹം ചെയ്യാൻ റൂവൈസും മാതാപിതാക്കളും വിലപേശി വിലയിട്ടത് ഇരുപത് കോടി രൂപയെന്നാണ് ആരോപണം’.
‘പെൺകുട്ടി പഠിച്ച് എംബിബിഎസ് പാസായി പിജി ചെയ്ത് കൊണ്ടിരിക്കുകയാണ്. ഏതാനും മാസം കഴിഞ്ഞാൽ പിജി ഡോക്ടർ ആകേണ്ടിയിരുന്ന ആൾ ആണ് ഇന്ന് ഓർമ്മയായി മാറിയത്. ഇയാൾ എംബിബിഎസ് പാസായി പിജി എടുത്ത പോലെ തന്നെ പിജി വരെ എത്തിയ കുട്ടി. സ്ത്രീ ആയതു കൊണ്ട് മാത്രം വിവാഹം നടക്കാൻ 20 കോടി കൊടുക്കേണ്ട അവസ്ഥ. അതും പ്രണയിച്ച് ഒപ്പമുണ്ടായ ആൾ’- ശ്രീജിത്ത് പെരുമന ഫേസ്ബുക്കിൽ കുറിച്ചു.