ശബരിമല തീര്‍ഥാടനത്തിനായുള്ള തയാറെടുപ്പുകള്‍ക്ക് പണം ഒരു തടസമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് 220 കോടി രൂപ വികസനത്തിനായി ചിലവഴിച്ചുവെന്നും മുഖ്യമന്ത്രി. ആറ് ഇടത്താവളങ്ങൾ തീർഥാടകർക്കായി പൂർത്തിയായി വരുന്നുവെന്നും 108 കോടി രൂപ ഇതിനായി കിഫ്ബിയില്‍ നിന്ന് ചിലവിട്ടുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമലയില്‍ തിരക്ക് കൂടി വരുന്നുവെന്നത് വസ്തുതയാണ്. എന്നാല്‍ അനിയന്ത്രിതമായ അവസ്ഥ ശബരിമലയില്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസുകാരുടെ എണ്ണത്തില്‍ സര്‍ക്കാര്‍ കുറവ് വരുത്തിയിട്ടില്ല. നിലവില്‍ 16,118 പൊലീസുകാർ ശബരിമല ഡ്യൂട്ടിയിൽ ഉണ്ട്. പുതിയ ബാച്ച് വരുമ്പോൾ അനുഭവസമ്പത്തുള്ളവരെ നിലനിർത്തുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ദിവസം ഒരുലക്ഷത്തിലധികം പേര്‍ക്ക് ദര്‍ശനം അനുവദിക്കുന്നുണ്ട്. മുതിർന്ന സ്ത്രീകളും കുട്ടികളും കയറുമ്പോൾ യാന്ത്രികമായി കയറ്റിവിടാൻ കഴിയില്ലെന്നും തീര്‍ഥാടനത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നും തീര്‍ഥാടനം രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.