ദിവസവും കോളേജിലേക്കോ ഓഫീസിലേക്കോ സ്വന്തം ചെലവിൽ യാത്ര ചെയ്യുന്ന ആളാണോ നിങ്ങൾ. അതോ ദുബായിൽ എത്തിയ ടൂറിസ്റ്റ് ആണോ? ദുബായിലെ എല്ലാ പൊതുഗതാഗത സേവനങ്ങൾക്കുമായി സർക്കാർ പുറത്തിറക്കിയ ഇലക്ട്രോണിക് ടിക്കറ്റിംഗ് കാർഡായ നോൾ കാർഡിനെക്കുറിച്ചറിയാമോ?
ഓരോരുത്തരുടെയും ആവശ്യാനുസരണം വിവിധ സൗകര്യങ്ങളാണ് നോൾ കാർഡിലൂടെ ദുബായ് റോഡ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ ടി എ) നൽകുന്നത്. നാല് തരത്തിലെ നോൾ കാർഡുകളാണ് ദുബായിൽ ലഭ്യമാകുന്നത്. ഇത് ആർക്കൊക്കെ, എങ്ങനെയാണ് ഉപയോഗിക്കാൻ സാധിക്കുകയെന്ന് മനസിലാക്കാം.
1. സിൽവർ കാർഡ്
ദിവസേന വിവിധ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ സാധാരണയായി ഉപയോഗിക്കുന്ന ട്രാൻസ്‌പോർട്ട് കാർഡാണ് സിൽവർ കാർഡ്. ജനറൽ വിഭാഗത്തിൽപ്പെടുന്ന ഈ കാർഡ് ഗതാഗത ആവശ്യങ്ങൾക്കായും അല്ലാതെയും ഉപയോഗിക്കാം. പുതിയ സിൽവർ കാർഡ് സ്വന്തമാക്കാൻ 25 ദിർഹമാണ് ഫീസ്. ഇതിൽ 19 ദിർഹം ക്രെഡിറ്റാണ്. എമിറേറ്റ്‌സ് ഐഡിയുമായി സിൽവർ കാർഡ് രജിസ്റ്റർ ചെയ്തവർക്ക് 5000 ദിർഹം വരെ കാർഡിൽ നിന്ന് ഈടാക്കാൻ സാധിക്കും. രജിസ്റ്റർ ചെയ്യാത്തവർക്ക് 1000 ദിർഹംവരെയെ ഈടാക്കാൻ കഴിയൂ. അഞ്ചുവർഷത്തേയ്ക്കാണ് ഈ കാർഡിന്റെ കാലാവധി.
2. ഗോൾഡ് കാർഡ്
ഗോൾഡ് കാർഡ് ഉള്ളവർക്ക് മെട്രോയിലും ട്രാമിലും പ്രത്യേക കാബിൻ ലഭിക്കും. സിൽവർ നോൾ കാർഡിന് സമാനമായി ആർ ടി എ ഗതാഗതത്തിന്റെ എല്ലാ മോഡുകളിലേയ്ക്കും പ്രവേശനമുള്ള ഈ യാത്രകൾക്ക് സാധാരണ നിരക്കിന്റെ ഇരട്ടി തുക നൽകേണ്ടി വരും. പുതിയ ഗോൾഡ് കാർഡിന് 25 ദിർഹമാണ് ഫീസ്. 19 ദിർഹം ക്രെഡിറ്റാണ്. രജിസ്റ്റർ ചെയ്യാത്തവർക്ക് 1000 ദിർഹംവരെയെ ഈടാക്കാൻ കഴിയൂ. അഞ്ചുവർഷത്തേയ്ക്കാണ് ഈ കാർഡിന്റെ കാലാവധി.
3. റെഡ് ടിക്കറ്റ്
മെട്രോയിൽ കൂടുതലായി യാത്ര ചെയ്യാത്തവർക്ക് ഒരു താൽക്കാലിക ഓപ്ഷനായി റെഡ് ടിക്കറ്റ് ഉപയോഗിക്കാം. ഒരു സമയം ഒരു ഗതാഗത മാർഗത്തിന് മാത്രം ഉപയോഗിക്കാവുന്ന പേപ്പർ ഡിസ്പോസിബിൾ ടിക്കറ്റാണിത്. ഈ കാർഡുള്ള ഉപഭോക്താക്കൾക്ക് മെട്രോ, ബസ്, ട്രാം തുടങ്ങിയ ആർ ടി എ സേവനങ്ങൾക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഒരു റെഡ് ടിക്കറ്റിന് രണ്ട് ദിർഹമാണ് ചെലവാകുന്നത്. ടിക്കറ്റ് പരമാവധി 10 യാത്രകൾക്കോ അല്ലെങ്കിൽ അഞ്ച് പ്രതിദിന പാസുകൾക്കോ റീചാർജ് ചെയ്യാവുന്നതാണ്. 90 ദിവസമാണ് റെഡ് ടിക്കറ്റിന്റെ കാലാവധി.
4. പേഴ്‌സണൽ കാർഡ് (ബ്ളൂ കാർഡ്)
യാത്രാ നിരക്കുകളിൽ ഇളവ് നൽകുന്ന ഈ കാർഡ് പ്രത്യേക ആളുകൾക്ക് മാത്രമാണ് ലഭ്യമാകുന്നത്. മറ്റ് രണ്ട് കാർഡുകളിൽ നിന്ന് വ്യത്യസ്തമായി, പേഴ്‌സണൽ കാർഡ് എമിറേറ്റ്‌സ് ഐഡിയുമായി ലിങ്ക് ചെയ്‌തിരിക്കുന്നു. ഉപയോക്താക്കൾക്ക് അവരുടെ കാർഡ് നഷ്‌ടപ്പെടുകയോ മോഷണം പോവുകയോ ചെയ്‌താൽ അവരുടെ ബാലൻസ് വീണ്ടെടുക്കാനുള്ള സൗകര്യം ഈ കാർഡ് നൽകുന്നു. കൂടാതെ, ഉപയോക്താക്കൾക്ക് ടോപ്പ്-അപ്പ് ക്രെഡിറ്റിനായി ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാനും ഈ കാർഡിലൂടെ കഴിയും. എല്ലാത്തരം ഗതാഗതത്തിനും ഈ കാർഡ് ഉപയോഗിക്കാവുന്നതാണ്.
20 ദിർഹം ക്രെഡിറ്റിന്റെ അധിക പേയ്‌മെന്റിനൊപ്പം പേഴ്‌സണൽ കാർഡിന് 70 ദിർഹമാണ് ചെലവ്. ഈ കാർഡ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് 5,000 ദിർഹം വരെ ടോപ്പ് അപ്പ് ചെയ്യാം. അഞ്ച് വർഷമാണ് ഈ കാർഡിന്റെ കാലാവധി.
- വിദ്യാർത്ഥികൾ (5-23 വയസ് വരെ)
- ദുബായ് നിവാസികൾ, വിനോദസഞ്ചാരികൾ.
- സാമൂഹിക കാര്യങ്ങളുടെ ഗുണഭോക്താക്കൾ
- മുതിർന്ന പ്രവാസികൾ, 60 വയസിന് മുകളിലുള്ള പൗരൻമാർ എന്നിവർക്കാണ് പേഴ്‌സണൽ കാർഡ് ലഭ്യമാകാനുള്ള യോഗ്യതയുള്ളവർ.