ഹൈദരാബാദ്: തെലങ്കാനയിലെ ഭോങ്കിർ ടൗണിലെ പട്ടികജാതി വെൽഫെയർ ഹോസ്റ്റലിൽ പത്താം ക്ലാസ് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ആറ് ഹോസ്റ്റൽ ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു. വാർഡൻ ഷൈലജ, ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപിക പ്രതിഭ, ഓട്ടോ ഡ്രൈവർ ആഞ്ജനേയുലു, പാചകക്കാരായ സുജാത, സുലോചന, ഹോസ്റ്റൽ ട്യൂഷൻ അധ്യാപിക ഭുവനേശ്വരി എന്നിവർക്കെതിരെയാണ് ഭോങ്കിർ ടൗൺ പൊലീസ് സി.ആർ.പി.സി 174 വകുപ്പ് പ്രകാരം കേസെടുത്തത്.
പത്താം ക്ലാസ് വിദ്യാർത്ഥിനികളായ കൊടി ഭവ്യ (14), ഗാഡെ വൈഷ്ണവി (15) എന്നിവരെയാണ് ഞായറാഴ്ച രാവിലെ ഹോസ്റ്റലിലെ ഒരേ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് പെൺകുട്ടികളും വാറങ്കൽ ജില്ലയിലെ നർസാംപേട്ട് സ്വദേശികളാണ്. ഹോസ്റ്റൽ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. ഉറ്റ സുഹൃത്തുക്കളായിരുന്ന രണ്ട് വിദ്യാർത്ഥികളും തങ്ങളെ അനാവശ്യമായി അധ്യാപകൻ കുറ്റപ്പെടുത്തുകയായിരുന്നുവെന്ന് ആതമഹത്യ കുറിപ്പിൽ എഴുതിയിട്ടുണ്ട്.അതിനിടെ, പെൺകുട്ടികളുടെ ആതമഹത്യ കുറിപ്പിലെ കൈയക്ഷരം പൊരുത്തപ്പെടുന്നില്ലെന്ന് അവകാശപ്പെട്ട് മാതാപിതാക്കൾ രംഗത്തുവരികയും മരണത്തിന് ഹോസ്റ്റൽ വാർഡനെയും മറ്റ് ജീവനക്കാരെയും കുറ്റപ്പെടുത്തുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. പെൺകുട്ടികളുടെ ശരീരത്തിൽ മുറിവുകളുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു.#dalit