കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) ഗാനമേളയുടെ സംഘാടനത്തിൽ പാളിച്ച സംഭവിച്ചെന്ന് കുസാറ്റ് വിസി പി ജി ശങ്കരൻ. സമയ ക്രമം പാലിച്ച് വിദ്യാർത്ഥികളെ ഓഡിറ്റോറിയത്തിനുളളിൽ കയറ്റി വിടുന്നതിൽ പാളിച്ച പറ്റി. ഗാനമേള കാണുന്നതിനായി പ്രതീക്ഷിക്കാത്ത ജനക്കൂട്ടം എത്തിയെന്നും വി സി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഗേറ്റ് തുറക്കാൻ വൈകിയതാണ് അപകടത്തിന് കാരണമായതെന്ന് വിദ്യാർത്ഥികളും പ്രതികരിച്ചു.
അപകടത്തിൽ സമഗ്രാന്വേഷണം നടത്തുമെന്ന് മന്ത്രിമാരായ പി രാജീവും, ആർ ബിന്ദുവും അറിയിച്ചു. അപകടം നടന്ന ഓഡിറ്റോറിയത്തിൽ പൊലീസ് പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം നടത്താൻ കുസാറ്റ് മൂന്നംഗ സമിതിയെ നിയോഗിച്ചു. വലിയ ജനക്കൂട്ടം പരിപാടി കാണാൻ പുറത്ത് തടിച്ചു കൂടിയിരുന്നു. പരിപാടി തുടങ്ങാറായപ്പോൾ എല്ലാവരും അകത്തേക്ക് കയറുവാൻ ശ്രമിച്ചതാണ് അപകട കാരണമെന്ന് വി സി നിയോഗിച്ച സിൻഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.
ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാലുപേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിക്കുകയായിരുന്നു. മരിച്ച വിദ്യാത്ഥികളിൽ രണ്ടുപേർ പെൺകുട്ടികളാണ്. അപകടത്തിൽ 72 പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ തമ്പിയുടെ മകൻ അതുൽ തമ്പി (23), വടക്കൻ പറവൂർ ഗോതുരുത്ത് കുറുമ്പത്തുരുത്ത് കോണത്ത് റോയ് ജോർജ് കുട്ടിയുടെ മകൾ ആൻ റിഫ്റ്റ (20), കോഴിക്കോട് താമരശേരി സ്വദേശിനി സാറ തോമസ്, പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് എന്നിവരാണ് മരിച്ചത്.