കൊച്ചി: കുസാറ്റ് ദുരന്തത്തിൽ മരണമടഞ്ഞ വിദ്യാർത്ഥികളോടുള്ള ആദര സൂചകമായി ഇന്ന് സർവകലാശാലയ്‌ക്ക് അവധി നൽകി. പ്രിയ വിദ്യാർത്ഥികൾക്ക് ഇന്ന് സർവകലാശാല അന്ത്യ ആദരമർപ്പിക്കും. ഇന്ന് രാവിലെ പത്തരയോടെ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഓഡിറ്റോറിയത്തിൽ അനുശോചന യോഗം ചേരും. അവധി പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റി. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
ഇതിനിടെ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള രണ്ട് പെൺകുട്ടികളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ആലപ്പുഴ സ്വദേശി ഗീതാഞ്ജലി, മലപ്പുറം സ്വദേശിനി ഷെബ എന്നിവരാണ് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലെ അത്യാഹിത വിഭാഗത്തിലുള്ളത്. നിലവിൽ 34 പേരാണ് ചികിത്സയിലുള്ളത്.
അതേസമയം കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വൈസ് ചാൻസലർക്കെതിരെയും സംഘാടകർക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ കളമശ്ശേരി പൊലീസിൽ പരാതി നൽകി. നാലുപേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്. യൂണിവേഴ്സിറ്റി അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് ആരോപിച്ച് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റിയും ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.