കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) ടെക്ഫെസ്റ്റിൽ ഗാനമേള തുടങ്ങാനിരിക്കേയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലുപേരുടെയും പോസ്റ്റുമോർട്ടം കഴിഞ്ഞു. വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കുസാറ്റിൽ പൊതുദർശനത്തിന് എത്തിച്ചു. സഹപാഠികളും അദ്ധ്യാപകരും ഉൾപ്പെടെ നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തുന്നത്. നൊമ്പരം സഹിക്കാനാവാതെ പലരും വാവിട്ട് നിലവിളിക്കുന്നുണ്ടായിരുന്നു.
അതേസമയം, അപകടത്തെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ വൈസ് ചാൻസലറോടും ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയോടും റിപ്പോർട്ട് തേടി.നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇന്നലെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാലുപേരാണ് മരിച്ചത്. മരിച്ച വിദ്യാത്ഥികളിൽ രണ്ടുപേർ പെൺകുട്ടികളാണ്. അപകടത്തിൽ 72 പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.
കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ തമ്പിയുടെ മകൻ അതുൽ തമ്പി (23), വടക്കൻ പറവൂർ ഗോതുരുത്ത് കുറുമ്പത്തുരുത്ത് കോണത്ത് റോയ് ജോർജ് കുട്ടിയുടെ മകൾ ആൻ റിഫ്റ്റ (20), കോഴിക്കോട് താമരശേരി സ്വദേശിനി സാറ തോമസ്, പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് എന്നിവരാണ് മരിച്ചത്. ആൽവിൻ വിദ്യാർത്ഥിയല്ല. ലില്ലിയാണ് അതുൽ തമ്പിയുടെ മാതാവ്. സഹോദരൻ അജിൻ തമ്പി. സിന്ധുവാണ് ആൻ റിഫ്റ്റയുടെ മാതാവ്. സഹോദരൻ: റിഥുൽ.
പരിപാടി തുടങ്ങാനിരിക്കേ മഴ പെയ്തതോടെ പുറത്തുനിന്നെത്തിയവർ ഉൾപ്പെടെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിനുള്ളിലേക്ക് ഇരച്ചുകയറിയതാണ് ദുരന്തത്തിന് കാരണമായത്.ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും നാലു പേരും മരിച്ചിരുന്നു. കളമശേരി മെഡിക്കൽ കോളേജിൽ 48 പേരാണ് ചികിത്സയിലുള്ളത്. സമീപത്തെ മറ്റ് ആശുപത്രികളിലും കുട്ടികൾ ചികിത്സയിലുണ്ട്. 15 പേർ കളമശേരി കിൻഡർ ആശുപത്രിയിലും ചികിത്സയിലാണ്.
സ്കൂൾ ഒഫ് എൻജിനിയറിംഗിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച തുടങ്ങിയ ഫെസ്റ്റ് ഇന്നാണ് അവസാനിക്കേണ്ടിയിരുന്നത്. ഇന്നലെ ബോളിവുഡ് ഗായിക നിഖിതയുടെ ഗാനസന്ധ്യയാണ് നടക്കാനിരുന്നത്. പാസ് വച്ചു നടത്തിയ പരിപാടിയിൽ ഓഡിറ്റോറിയത്തിനുള്ളിൽ മൂവായിരത്തിലേറെ കുട്ടികൾ ഉണ്ടായിരുന്നെന്ന് വൈസ് ചാലൻസലർ ഡോ.പി.ജി. ശങ്കരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.