കൊച്ചി: കുസാറ്റിൽ ടെക് ഫെസ്‌റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികൾ മരിച്ചു. ടെക് ഫെസ്റ്റിവെലായ ദീക്ഷ്ണയിലെ ഗാനമേളക്കിടെ വിദ്യാർത്ഥികൾ സ്റ്റേജിലേക്ക് ഒന്നിച്ച് കയറിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് വിവരം. കുസാറ്റിൽ മെക്കാനിക്കൽ വിഭാഗം നടത്തിയ പരിപാടിക്കിടെയാണ് സംഭവം. 15ഓളം വിദ്യാർത്ഥികൾ തിക്കിലും തിരക്കിലും ബോധംകെട്ട് വീണു. അൻപതിലധികം വിദ്യാർത്ഥികൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായാണ് ഒടുവിൽ ലഭിക്കുന്ന സൂചന.
മരിച്ചവർ ആരെല്ലാമെന്നുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പരിപാടിക്കിടെ മഴയുണ്ടായതോടെയാണ് കുട്ടികൾ സ്റ്റേജിലേക്ക് കയറിയത്. കോളേജിലെ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. മഴ ശക്തമായതോടെ പുറത്തുനിന്നവരും ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതാണ് ദുരന്തത്തിനിടയാക്കിയതാണ് വിദ്യാർത്ഥികൾ നൽകുന്ന സൂചന. പരിക്കേറ്റവരെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലേക്കും പ്രവേശിപ്പിച്ചു.
ഗായിക നികിത ഗാന്ധിയുടെ പരിപാടിയാണ് ഇവിടെ നടന്നിരുന്നത്. ഒരാളുടെ മുകളിൽ മറ്റൊരാളായി കുട്ടികൾ വീഴുകയായിരുന്നു. ഇതിൽ അടിയിൽ പെട്ട 15ഓളം കുട്ടികൾക്കാണ് ഗുരുതരമായ പരിക്കേറ്റത്. ആശുപത്രിയിൽ എത്തിക്കും മുൻപ് തന്നെ മൂന്ന് പേർ മരിച്ചു. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും മരിച്ചതായാണ് സൂചന. പൊലീസ് സംഭവസ്ഥലത്തെത്തി വിദ്യാർത്ഥികളെയെല്ലാം ഒഴിപ്പിച്ചു. മന്ത്രിമാരായ പി.രാജീവ്, ആർ.ബിന്ദു, വീണാ ജോർജ് എന്നിവർ സ്ഥലത്തെത്തുമെന്നാണ് വിവരം.
ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ കളമശേരി മെഡിക്കൽ കോളേജിലും എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചേർന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കൂടുതൽ ക്രമീകരണങ്ങളൊരുക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികൾക്കും സജ്ജമാകാൻ നിർദേശം നൽകി. മതിയായ കനിവ് 108 ആംബുലൻസുകൾ സജ്ജമാക്കാനും നിർദേശമുണ്ട്.