ട്രാവിസ് ഹെഡ് എന്ന 29കാരൻ ആൾറൗണ്ട് ഈ ലോകകപ്പിൽ ആറേ ആറ് മത്സരങ്ങളിലേ കളിച്ചുള്ളൂ. അതിൽ ഒരു മത്സരത്തിൽ ഡക്കായിരുന്നു. ഒരു മത്സരത്തിൽ 10 റൺസ്,മറ്റൊന്നിൽ 11 റൺസ്. പിന്നെ രണ്ട് സെഞ്ച്വറികളും ഒരു അർദ്ധസെഞ്ച്വറിയും. വീഴ്ത്തിയത് രണ്ട് വിക്കറ്റുകളും. പക്ഷേ ഈ ലോകകപ്പ് നേട്ടത്തിൽ ഓസ്ട്രേലിയ ഏറ്റവും കടപ്പെട്ടിരിക്കുന്നത് ഈ ആൾറൗണ്ടറോടായിരിക്കും. കാരണം ഹെഡ്ഡിന്റെ സെഞ്ച്വറികളും അർദ്ധസെഞ്ച്വറികളും പിറന്നത് ടീമിന് ഏറ്റവും അത്യാവശ്യമുള്ള ഘട്ടത്തിലായിരുന്നു. രണ്ട് വിക്കറ്റുകൾ നേടിയതും അതീവ നിർണായക ഘട്ടത്തിൽ. ടീമിന് വിജയം അനിവാര്യമാകുന്ന ഘട്ടത്തിൽ അവതരിക്കുന്ന ഒരു രക്ഷകന്റെ പരിവേഷമാണ് ട്രാവിസ് ഹെഡിന് ഈ ലോകകപ്പിലുള്ളത്. അത് തിരിച്ചറിഞ്ഞാണ് ഇദ്ദേഹത്തിന് പരിക്ക് ഭേഭമാകുന്നതുവരെ കാത്തിരിക്കാൻ ഓസീസ് ക്രിക്കറ്റ് ബോർഡും ടീം മാനേജ്മെന്റും അസാധാരണമായി കാത്തിരുന്നത്.
ലോകകപ്പിനായി ഓസ്ട്രേലിയ ടീം പ്രഖ്യാപിക്കുന്ന സമയത്ത് ട്രാവിസ് ഹെഡ് പരിക്കേറ്റ് കളിക്കാൻ കഴിയുമോ എന്ന് ഉറപ്പില്ലാത്ത അവസ്ഥയിലായിരുന്നു.സെപ്തംബറിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്കിടെ ജെറാൾഡ് കോറ്റ്സെയുടെ ഏറുകൊണ്ടാണ് പരിക്കേറ്റിരുന്നത്. ഹെഡ് ഫിറ്റ്നസ് വീണ്ടെടുക്കാൻ വൈകുമെന്ന് അറിഞ്ഞ ഓസ്ട്രേലിയൻ ടീം പക്ഷേ തങ്ങളുടെ താരത്തെ കൈവിടാൻ ഒരുക്കമായിരുന്നില്ല. 15 അംഗ ടീം പ്രഖ്യാപിച്ചപ്പോൾ അവർ ഹെഡിനെയും ഉൾപ്പെടുത്തി. എന്നാൽ ഫിറ്റ്നസ് വീണ്ടെടുക്കുമ്പോൾ മാത്രം ഇന്ത്യയിലേക്ക് വിട്ടാൽ മതിയെന്ന് തീരുമാനിച്ചു. അതുവരെ 14 പേരുമായാണ് ഓസീസ് ടീം കളിച്ചത്. ഹെഡിനെ ഉൾപ്പെടുത്താനായി അത്ര വലിയ റിസ്കാണ് ഓസ്ട്രേലിയക്കാർ ഏറ്റെടുത്തത്.
ഒക്ടോബർ 28 ന് ധർമ്മശാലയിൽ ന്യൂസിലാൻഡിനെതിരെയാണ് ട്രാവിസിന് ആദ്യ ലോകകപ്പ് മത്സരം കളിക്കാൻ കഴിഞ്ഞത്. ഓപ്പണറായി ഇറങ്ങിയ ട്രാവിസ് തകർപ്പൻ സെഞ്ച്വറിയുമായാണ് അന്ന് ആഘോഷിച്ചത്. ആ മത്സരത്തിൽ ഓസ്ട്രേലിയ 388 റൺസ് നേടിയപ്പോൾ 383 റൺസുവരെ തിരിച്ചടിക്കാൻ കിവീസിന് കഴിഞ്ഞിരുന്നു. ഓപ്പണിംഗിൽ വാർണർ(81)ക്കൊപ്പം ഹെഡ് കൂട്ടിച്ചേർത്ത 175 റൺസാണ് ഓസീസ് ഇന്നിംഗ്സിൽ നിർണായകമായത്. തുടർന്ന് ഇംഗ്ളണ്ടിനെതിരെ 11 റൺസിനും അഫ്ഗാനെതിരെ 0 റൺസിനും ബംഗ്ളാദേശിനെതിരെ 10 റൺസിനും പുറത്തായി. എന്നാൽ ഈ മത്സരങ്ങളിൽ ഓസീസ് വിജയം കണ്ട് സെമിയിലേക്കെത്തി.
സെമിയിൽ വീണ്ടും ട്രാവിസ് ഹെഡിന്റെ അത്യുജ്വല പ്രകടനം കണ്ടു. ദക്ഷിണാഫ്രിക്കയെ ആദ്യം പന്തുകൊണ്ടാണ് വിരട്ടിയത്. 24/4 എന്ന നിലയിൽ നിന്ന് കരകയറിവന്ന ദക്ഷിണാഫ്രിക്കയ്ക്ക് 31-ാം ഓവറിൽ ഹെഡ് നൽകിയ ഇരട്ടപ്രഹരമാണ് മത്സരം വീണ്ടും ഓസീസിനെ കയ്യിലെത്തിച്ചത്. അപാരമായി കുത്തിത്തിരിഞ്ഞപന്തിലൂടെ ഹെൻറിച്ച് ക്ളാസനെ ബൗൾഡാക്കുകയും ജാൻസനെ എൽ.ബിയിൽ കുരുക്കുകയുമായിരുന്നു ഹെഡ്. 212 റൺസ് ചേസ് ചെയ്യാനിറങ്ങിയപ്പോൾ വാർണർക്കൊപ്പം ഓപ്പണിംഗിൽ 60 റൺസ് കൂട്ടിച്ചേർത്തു. പിന്നെ ഒരറ്റത്ത് വിക്കറ്റ് വീണപ്പോൾ 15-ാം ഓവറിൽ ടീമിനെ 106ലെത്തിക്കുന്നതുവരെ പിടുച്ചുനിന്നു. പിന്നെയൊരു 107 റൺസ് കൂടി നേടാനായി 47-ാം ഓവർവരെ ഓസീസിന് ബാറ്റ് ചെയ്യേണ്ടിവന്നു എന്ന് അറിയുമ്പോഴാണ് 48 പന്തുകളിൽ ഒൻപത് ഫോറും രണ്ട് സിക്സുമടക്കം 62 നേടിയ ഹെഡ്ഡിന്റെ പ്രയത്നത്തിന്റെ പ്രാധാന്യം മനസിലാവുന്നത്.
ഫൈനലിൽ ഇന്ത്യയുടെ തലവര തിരുത്തിയെഴുതിയത് ഹെഡാണ്. ആദ്യം രോഹിതിനെ പുറത്താക്കാൻ പിന്നോട്ടോടിയെടുത്ത ക്യാച്ച്. പിന്നെ രണ്ടോവറിൽ നാലുറൺസ് മാത്രം വഴങ്ങിയ ബൗളിംഗ്.ഒടുവിൽ 47/3 എന്ന നിലയിൽ നിന്ന് ടീമിനെ കരകയറ്റിയ ഇന്നിംഗ്സ്. മാൻ ഒഫ് ദ ഫൈനലായി ഹെഡിനെയല്ലാതെ മറ്റാരെ തിരഞ്ഞെടുക്കാൻ !. ഷമിയും ബുംറയും ചേർന്ന് വാർണറെയും മിച്ചൽ മാർഷിനെയും സ്മിത്തിനെയും പുറത്താക്കിയപ്പോഴും ഒരറ്റത്ത് പാറപോലെ ഉറച്ചുനിന്ന് പൊരുതിയ ഹെഡിന്റെ സെഞ്ച്വറിക്ക് എതിരാളികൾ പോലും കയ്യടിച്ചുപോയി. ഇന്ത്യൻ സ്പിന്നർമാരെ തീർത്തും നിസത്തായരാക്കുകയായിരുന്നു ഹെഡ്. ലൂസ് ബാളുകൾ തിരഞ്ഞെടുത്ത് ഫീൽഡിലെ ലൂപ്പ് ഹോൾസിലൂടെ ബൗണ്ടറിയിലേക്ക് പായിച്ച ഹെഡ് റൺറേറ്റിൽ വലിയ കുറവ് വരാതെ ടീമിനെ മുന്നോട്ടുനയിച്ചു. വിരാടിനും രാഹുലിനും ശ്രേയസിനും കഴിയാതെപോയതാണ് ഹെഡ് നടപ്പാക്കിയത്.
ഇതാദ്യമായല്ല ഒരു ഫൈനലിൽ ട്രാവിസ് ഹെഡ് ഇന്ത്യയ്ക്ക് വിലങ്ങുതടിയാവുന്നത്. ഈ വർഷം ജൂണിൽ ഇംഗ്ളണ്ടിൽ വച്ച് നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഓസ്ട്രേലിയ 209 റൺസിന് ഇന്ത്യയെ തോൽപ്പിച്ചപ്പോഴും മാൻ ഒഫ് ദ മാച്ചായത് ഹെഡാണ്. അന്ന് ആദ്യ ഇന്നിംഗ്സിൽ ഹെഡ് നേടിയ 163 റൺസാണ് ഇന്ത്യയെ തോൽപ്പിച്ചുകളഞ്ഞത്. ഒരു ലോകകപ്പിന്റെ സെമിയിലും ഫൈനലിലും മാൻ ഒഫ് ദമാച്ചാകാൻ 1983ൽ മൊഹീന്ദർ അമർനാഥ്, 1996ൽ അരവിന്ദ ഡിസിൽവ,1999ൽ ഷേൻ വാൺ എന്നിവർക്ക് കഴിഞ്ഞിരുന്നു. ആ നിരയിലേക്കാണ് ഹെഡും എത്തിയത്.