ന്യൂഡൽഹി: പശുവിനെ രാഷ്‌ട്രമാതാവായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി രാജ്യതലസ്ഥാനത്ത് റാലി. ഇന്നലെ ഡൽഹിയിലെ രാംലീല മൈതാനിയിലാണ് ഗോസംരക്ഷണ സംഘടന റാലി നടത്തിയത്.
‘ഗോമാതാ രാഷ്ട്രമാതാ പ്രതിഷ്ഠാ ആന്ദോളൻ’ എന്ന ബാനറുമായി ഭാരതീയ ഗോ ക്രാന്തി മഞ്ച് ആണ് പ്രതിഷേധ റാലി നടത്തിയത്. പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണം, പശുവിനെ കശാപ്പ് ചെയ്യുന്നത് ഉടൻ നിരോധിക്കണം, പശുക്കളുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കണം തുടങ്ങിയവയായിരുന്നു സംഘടന ആവശ്യപ്പെട്ടത്. ഗോസംരക്ഷകർ ഗോപാഷ്ടമി ആചരിക്കുകയായിരുന്നു ഇന്നലെ.
പശുവിനെ കശാപ്പ് ചെയ്യുന്നത് 33 കോടി ഹൈന്ദവ ദേവന്മാരെ വധിക്കുന്നതിന് തുല്യമാണെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു. പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് രാജ്യത്തെ സന്യാസിമാരും ദർശകരും വർഷങ്ങളായി ആവശ്യപ്പെടുകയാണെന്ന് ഭാരതീയ ഗോ ക്രാന്തി മഞ്ച് സ്ഥാപകൻ ഗോപാൽ മണി ചൂണ്ടിക്കാട്ടി.
പശുക്കടത്ത് നടത്തുന്നവരെ പിടികൂടാൻ ജീവൻ പണയപ്പെടുത്തിയും പ്രവർത്തിക്കുന്ന നിരവധി ഗോസംരക്ഷകർ ഇന്ത്യയിലുണ്ടെന്നും എന്നാൽ പൊലീസ് അവർക്കെതിരെ എഫ് ഐ ആർ ചുമത്തുകയാണെന്നും ഭഗവത് കഥ ആഖ്യാതാവ് ദേവകിനന്ദൻ താക്കൂർ വിമർശിച്ചു. ഇത് തികച്ചും തെറ്റാണ്. പശുക്കടത്ത് നടത്തുന്നവർക്കെതിരെ കർശന നിയമവും നടപടിയും നടപ്പിലാക്കണമെന്നും താക്കൂർ ആവശ്യപ്പെട്ടു.