കൊല്ലം : സർക്കാർ പദ്ധതികളുടെ കരാർ ഏറ്റെടുത്ത് നിർമാണം പൂർത്തിയാക്കിയിട്ടും മാസങ്ങളായി പണം ലഭിക്കാതെ ആയിരക്കണക്കിന് കരാറുകാർ. ജില്ലയിൽ മാത്രം ആയിരത്തിലധികം പേരാണ് സർക്കാർ ലൈസൻസ് എടുത്ത് കരാർമേഖലയിൽ പ്രവർത്തിക്കുന്നത്. ഭൂരിഭാഗവും ചെറുകിടക്കാരായ കരാറുകാർ സർക്കാറിൽനിന്ന് പണം ലഭിക്കാത്തതിനാൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പൊതുമരാമത്ത്വകുപ്പ്, തദ്ദേശസ്വയംഭരണവകുപ്പ്, ജലസേചനവകുപ്പ് പദ്ധതികളുടെ കരാറുകാരാണ് മാസങ്ങൾ പിന്നിട്ടിട്ടും പണം കിട്ടാതെ വലയുന്നത്. ട്രഷറി നിയന്ത്രണവും അകാരണമായി ബില്ലുകൾ ഉദ്യോഗസ്ഥർ പിടിച്ചുെവക്കുന്നതുമാണ് തങ്ങളുടെ പ്രശ്നങ്ങൾക്ക് പ്രധാന കാരണമെന്ന് കരാറുകാർ പറയുന്നു.
ഒമ്പതുമാസത്തോളമായി ബില്ലുകൾ മാറാതെ പ്രതിസന്ധി തുടരുകയാണ്. പതിനായിരങ്ങൾ മുതൽ കോടികൾ വരെ കിട്ടാനുള്ളവർ കൂട്ടത്തിലുണ്ടത്രെ. കടം മറിച്ച് പണമിറക്കി ചെയ്ത പ്രവൃത്തികളുടെ പണം കിട്ടാത്തതിനാൽ പുതിയ വർക്കുകൾ എടുക്കുന്നതിനും കഴിയുന്നില്ല. ഈ പ്രതിസന്ധിയിൽ നിർമാണം വൈകിയാൽ പിഴ കൂടി നൽകേണ്ടിവരുന്നതായും കരാറുകാർ ചൂണ്ടിക്കാട്ടുന്നു. പലരും പദ്ധതികൾ പാതിയിൽ നിർത്തേണ്ട സ്ഥിതിയിലാണ്.
ബാങ്ക് ഓവർ ഡ്രാഫ്റ്റ് എടുത്താണ് കരാറുകാർ പ്രവൃത്തികൾ ചെയ്യുന്നത്. സർക്കാർ പണം നൽകാൻ വൈകുന്നതിന് അനുസരിച്ച് വലിയ ബാധ്യതയാണ് വരുന്നത്. പി.ഡബ്ല്യു.ഡി മേഖലയിലുള്ള ബിൽ ഡിസ്കൗണ്ട് സംവിധാനം തദ്ദേശസ്ഥാപനങ്ങളിൽ നടപ്പാക്കുമെന്നതും ഇതുവരെ യാഥാർഥ്യമായില്ല. ജില്ല പഞ്ചായത്തുകളിൽ മാത്രമാണ് നിലവിൽ ബിൽ ഡിസ്കൗണ്ട് വഴി പണം നൽകുന്നത്. വൻ പ്രതിസന്ധി ബാക്കിയാക്കി, മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ ട്രഷറി ബില്ലുകൾ മാറാതെ കോടിക്കണക്കിന് രൂപയാണ് കരാറുകാർക്ക് നൽകാൻ ബാക്കികിടക്കുന്നത്.
2017കാലത്ത് വാറ്റ് പ്രാബല്യത്തിൽ ഉണ്ടായിരുന്നപ്പോൾ ചെയ്ത പ്രവൃത്തികളുടെ പണം ജി.എസ്.ടി കാലഘട്ടം ആരംഭിച്ചതിനുശേഷം അനുവദിച്ചുകിട്ടിയതിൻറെ തിക്തഫലവും കരാറുകാർ അനുഭവിക്കുന്നു. കോടികൾ പിഴ അടക്കണമെന്ന നോട്ടീസുകൾ കരാറുകാരെ തേടിയെത്തുന്നുണ്ട്. ഫണ്ട് നോക്കാതെ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും പഴയതിൻറെ പണം നൽകാൻ ആരും മെനക്കെടുന്നില്ലെന്ന് കരാറുകാർ പറയുന്നു. എം.എൽ.എ ഫണ്ട് പദ്ധതികൾ പോലും വൻ ബാധ്യതയാണ് തങ്ങൾക്ക് വരുത്തിെവക്കുന്നതെന്നും അവർ വ്യക്തമാക്കുന്നു. പരാതികൾക്ക് പരിഹാരമില്ലാതെ സ്ഥിതി ഗുരുതരമായതോടെ പ്രതിഷേധവുമായി തെരുവിലിറങ്ങുകയാണ് കരാറുകാർ.