തിരുവനന്തപുരം: കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ നയിച്ച ഡിജിപി ഓഫിസിലേക്കുള്ള കെപിസിസി മാർച്ചിനുനേരെ പോലീസ് നടത്തിയ ആക്രമണത്തിന്റെ ലക്ഷ്യം സുധാകരനെ അപായപ്പെടുത്തലാണെന്ന് കെ.പി.സി.സി.യുടെ വിലയിരുത്തൽ.
സുധാകരന് ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടെന്നറിഞ്ഞിട്ടും നേതാക്കൾ പ്രസംഗിക്കുന്നതിനിടെ ഹൈഡോസിലുള്ള കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു. അത് സുധാകരനേയും അണികളേയും അപായപ്പെടുത്താനാണ്. ഇതിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുണ്ടായെന്നും ശനിയാഴ്ച രാത്രി അടിയന്തരമായി ചേർന്ന കെ.പി.സി.സി. യോഗം വിലയിരുത്തുന്നു.
വ്യക്തിവിരോധം തീർത്തതാണെന്നു മാർച്ച് കഴിഞ്ഞയുടൻ സുധാകരനും ആരോപണം ഉന്നയിച്ചിരുന്നു. അതിക്രമത്തിനെതിരേ സംസ്ഥാന, ജില്ലാ, മണ്ഡലം തലങ്ങളിൽ പ്രതിഷേധപരിപാടികൾ നടത്തും.
വാഹനത്തിൽ വീണ് ഗ്രനേഡ് പൊട്ടിയിരുന്നെങ്കിൽ നേതാക്കളുടെ ജീവൻപോലും അപകടത്തിലായേനെ. കഷ്ടിച്ചാണ് എല്ലാവരും രക്ഷപ്പെട്ടത്. നേതാക്കളെല്ലാം വേദിയിലുള്ളപ്പോഴാണ് സമരക്കാരുടെ ഭാഗത്തുനിന്ന് പ്രകോപനമൊന്നും ഇല്ലാതെ പോലീസ് നടപടിയുണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനാണ് എല്ലാം നിയന്ത്രിച്ചതെന്നും കോൺഗ്രസ് ആരോപിച്ചു.
അതേ സമയം മാത്യു കുഴൽനാടന്റെ പ്രതികരണം ഇങ്ങനെയാണ്
സംഘർഷങ്ങളും സമരങ്ങളും പ്രതിഷേധങ്ങളും എത്രയോ വട്ടം കേരള പൊലീസ് നേരിട്ടിട്ടുണ്ട്. സാധാരണ ഗതിയിൽ ഉദ്ഘാടന പ്രസംഗം കഴിഞ്ഞു പ്രധാന നേതാക്കളുടെ പ്രസംഗം കഴിഞ്ഞാണു പൊലീസ് നടപടി ഉണ്ടാവുക. ഇന്ന് ഇവിടെ നടന്നത് അങ്ങനെയല്ല. കെപിസിസി പ്രസിഡന്റ് വേദി വിടുന്നതിനു മുൻപ്, അദ്ദേഹം അനാരോഗ്യത്തിലാണെന്ന് അറിയാവുന്ന സർക്കാർ, അദ്ദേഹത്തെ ലക്ഷ്യമിട്ട് നടത്തിയ ആസൂത്രിതമായ അക്രമമാണ് നടന്നതെന്നു സംശയിക്കുന്നു.
Read more- ‘പ്രതിപക്ഷനേതാവിനെ പോലീസ് വധിക്കാന്‍ ശ്രമിച്ചു’; സ്പീക്കര്‍ക്ക് പരാതി