ഡൽഹി: ഒന്നാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും. യു പി അടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളെയാകും ഇന്നത്തെ യോഗത്തിൽ തീരുമാനിക്കുക. മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി യു പിയിലും മത്സരിക്കുമോയെന്ന് ഇന്നത്തെ യോഗത്തോടെ വ്യക്തമാകും. പ്രിയങ്ക ഗാന്ധിയുടെ കാര്യത്തിലും ഇന്നത്തെ തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ തീരുമാനമുണ്ടാകാൻ സാധ്യതയുണ്ട്.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബി ജെ പി സ്ഥാനാർത്ഥികളെ തീരുമാനിക്കാനായി ബി ജെ പിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗവും ഇന്ന് ചേരും. വൈകീട്ട് ദില്ലിയിലെ ബി ജെ പി ആസ്ഥാനത്താണ് യോഗം ചേരുക. പഞ്ചാബ്, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളെയാകും രണ്ടാം പട്ടികയിൽ പ്രഖ്യാപിക്കുക. 195 സ്ഥാനാർത്ഥികളെയാണ് ആദ്യ ഘട്ട പട്ടികയിൽ ബി ജെ പി പ്രഖ്യാപിച്ചത്. ഇതിൽ രണ്ടുപേർ പിന്മാറിയിരുന്നു. സ്ഥാനാർതി പ്രഖ്യാപനത്തിന്‍റെ ഭാഗമായി വിവിധ സംസ്ഥാന ഘടകങ്ങളുമായി ദേശീയ നേതൃത്വം കഴിഞ്ഞ ദിവസം ചർച്ചകൾ നടത്തിയിരുന്നു.