ഇസ്രയേൽ ഫലസ്തീൻ യുദ്ധത്തെ സംബന്ധിച്ച കോൺഗ്രസ് പ്രമേയത്തിനെതിരെ ആഞ്ഞടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കോൺഗ്രസ് നിലപാടിനെ വിമർശിച്ച അസം മുഖ്യമന്ത്രി അവരെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുകയും ചെയ്‌തു.
ഹമാസിന്റെ ഭീകരാക്രമണങ്ങളെ കോൺഗ്രസ് അപലപിക്കേണ്ടതായിരുന്നുവെന്നും അതിന് ശേഷം പലസ്‌തീനിനെക്കുറിച്ച് സംസാരിക്കാമായിരുന്നുവെന്നും ശർമ്മ പറഞ്ഞു. ജോർഹട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ പ്രമേയത്തിൽ പാകിസ്ഥാനെപ്പോലെ പലസ്‌തീനിനെക്കുറിച്ച് മാത്രമാണ് അവർ സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം പ്രസ്‌താവനകൾ നടത്തുന്ന കോൺഗ്രസ് “ഇന്ത്യയിലാണോ പാകിസ്ഥാനിലാണോ സർക്കാർ രൂപീകരിക്കാൻ ആഗ്രഹിക്കുന്നത്” എന്നും അസം മുഖ്യമന്ത്രി ചോദിച്ചു. പാർട്ടിയുടെ പരമോന്നത ബോഡിയായ കോൺഗ്രസ് പ്രവർത്തക സമിതി യുദ്ധത്തിൽ “നിരാശയും വേദനയും” പ്രകടിപ്പിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ശർമ്മയുടെ പ്രതികരണം.