കാഞ്ഞങ്ങാട്: വിവാഹത്തിൽ നിന്ന് പിന്മാറിയ വിരോധം മൂലം പ്രവാസി യുവാവിനെ പോക്സോ കേസിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ചതായി പരാതി. ഇൻസ്പെക്ടർ കേസില്ലാതെ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചതായാണ് ആരോപണം. ഒഴിഞ്ഞവളപ്പ് സ്വദേശിയായ യുവാവ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി.
സത്യാവസ്ഥ അന്വേഷിക്കാൻ ജില്ല പൊലീസ് മേധാവി നിർദേശം നൽകി. അഭിഭാഷകന്റെയും ഉദ്യോഗസ്ഥന്റെയും ഫോൺ സംഭാഷണങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. യുവാവ് രണ്ടാം വിവാഹത്തിന് കാസർകോട് പെണ്ണുകാണൽ ചടങ്ങ് നടത്തിയിരുന്നു. പെൺകുട്ടിക്ക് 18 വയസ്സായിരുന്നു എന്നാണ് ആദ്യം പറഞ്ഞിരുന്നതെന്നും കൂടുതൽ അന്വേഷിച്ചപ്പോൾ 17 വയസ്സാണ് ഉണ്ടായിരുന്നതെന്നും മനസ്സിലായി. ഇതോടെ വിവാഹത്തിൽ നിന്ന് യുവാവ് പിന്മാറി. പിന്നാലെ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണ് ഒഴിവാക്കിയ പെൺകുട്ടിയുടെ വീട്ടുകാർ പരാതിയുമായി രംഗത്തുവന്നതെന്നാണ് പരാതിയിൽ പറയുന്നത്.
പെൺകുട്ടിയെ ഉപദ്രവിച്ചെന്നായിരുന്നു പരാതി. യുവാവിന്റെ വിവാഹം നടക്കാനിരിക്കുന്നതിനാൽ സമ്മർoത്തിലാക്കി 15 ലക്ഷം രൂപ ആവശ്യപ്പെട്ടു. പിന്നീട് 12 ലക്ഷം ചോദിച്ചു. പണം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥനെതിരെ ആക്ഷേപം ഉയർന്നത്. പണം നൽകിയാൽ കേസുമായി മുന്നോട്ടുപോകുന്നത് ഒഴിവാക്കാമെന്ന് പെൺകുട്ടിയുടെ വീട്ടുകാർ അറിയിച്ചതായും യുവാവ് പറയുന്നു. ഇതിന് തയാറാകാത്തതിനെ തുടർന്ന് യുവാവിനെതിരെ കേസെടുത്തുവെന്നാണ് പരാതി.#pocso