ഡൽഹി : പൗരത്വ നിയമ ഭേദഗതിയെ എതിർത്ത് മുസ്ലിം ലീഗ്, ഡിവൈഎഫ്ഐ അടക്കം നൽകിയ ഹർജികൾ ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും. ഉടൻ പരിഗണിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടതോടെയാണ് ചൊവ്വാഴ്ച പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയത്. 237 ഹർജികളാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയിലുളളത്. എല്ലാ ഹർജികളും കോടതി പരിഗണിക്കും. വിശദവാദം കേൾക്കും. വാദം കേൾക്കുന്നതിൽ എതിർപ്പില്ലെന്ന നിലപാടിലാണ് കേന്ദ്രം. പൗരത്വം നൽകുന്നതിനെ ചോദ്യം ചെയ്യാൻ ഹർജിക്കാർക്ക് അവകാശമില്ലെന്നും കേന്ദ്രം കോടതിയിൽ നിലപാടെടുത്തു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ പൗരത്വ നിയമഭേദഗതി നിയമം നടപ്പാക്കിയത്. മുസ്ലിം ഇതര അഭയാർത്ഥികൾക്ക് പൗരത്വം നല്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കിയതോടെ രാജ്യമാകെ കടുത്ത പ്രതിഷേധമുയർന്നു.