ബീജിംഗ്: കൊവിഡിനു ശേഷം ചൈനയിൽ പടർന്നു പിടിച്ച് ന്യുമോണിയ. കുട്ടികളിലാണ് പകർച്ചവ്യാധി പടരുന്നത്. നിഗൂഢ ന്യുമോണിയ (മിസ്റ്ററി ന്യുമോണിയ) ബാധിച്ച കുട്ടികളാൽ ബീജിംഗിലെയും ലിയാവോനിംഗിലെയും ആശുപത്രികൾ നിറഞ്ഞുകവിഞ്ഞെന്നാണ് റിപ്പോർട്ടുകൾ.
മറ്റൊരു മഹാമാരിയാകുമോ എന്ന ആശങ്ക ആരോഗ്യ വിദഗ്ദ്ധർ പങ്കുവച്ചു. ലോകാരോഗ്യ സംഘടന ചൈനയോട് വിശദറിപ്പോർട്ട് തേടി. സ്കൂളുകളിൽ നിന്നാണ് കുട്ടികളിൽ രോഗം പകരുന്നത്. അതേസമയം, രോഗ വ്യാപനം കണക്കിലെടുത്ത് സ്കൂളുകൾ അടച്ചുവെന്ന് ചില പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശ്വാസകോശ അണുബോധ, കടുത്ത പനി തുടങ്ങിയ ലക്ഷണങ്ങളാണ് കുട്ടികൾക്കുള്ളത്. രോഗ വ്യാപനം എന്ന് മുതലാണ് ആരംഭിച്ചതെന്ന് വ്യക്തമല്ല. ഇത് കൊച്ചുകുട്ടികൾക്കുണ്ടാകുന്ന
മൈകോപ്ലാസ്മ ന്യുമോണിയയാണെന്നും ചില വിദഗ്ദ്ധർ പറയുന്നു.
വാക്സിനേഷൻ, രോഗബാധിതർ വീടുകളിൽ തുടരുക, അസുഖമുള്ളവരിൽ നിന്ന് അകലം പാലിക്കുക, മാസ്കുകൾ ധരിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ ലോകാരോഗ്യ സംഘടന നല്‍കിയിട്ടുണ്ട്. ചൈനയിലെ ഡോക്ടർമാരുമായും ഗവേഷകരുമായും ആശയവിനിമയം നടത്തുന്നുണ്ടെന്നും കൂടുതൽ വിവരം ലഭിക്കുന്നതനുസരിച്ച് അറിയിക്കാമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
ചൈനയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്നതായി നവംബർ 13ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ ദേശീയ ആരോഗ്യ കമ്മിഷന് അംഗങ്ങൾ വ്യക്തമാക്കിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതാണ് ഇതിനുള്ള ഒരു കാരണമായി ചൈനീസ് അധികൃതർ ചൂണ്ടിക്കാട്ടിയത്. നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും കൂടുതൽ രോഗികളെ ഉൾക്കൊള്ളാൻ കഴിയും വിധം ആശുപത്രി സംവിധാനങ്ങൾ വികസിപ്പിക്കണമെന്നും ചൈനീസ് അധികൃതർ പറഞ്ഞു.