ചാലക്കുടി: വനം വകുപ്പ് മുൻ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ അസം ഗുവാഹത്തി സ്വദേശി ബാറുൾ ഇസ്ലാം (25) അറസ്റ്റിൽ. തിങ്കളാഴ്ചയാണ് ആനമല ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റിന് സമീപം മെയിൻ റോഡിന് എതിർവശത്തെ ഒഴിഞ്ഞ കെട്ടിടത്തിൽ വനം വകുപ്പ് മുൻ ഉദ്യോഗസ്ഥൻ കല്ലേറ്റുംകര ഉള്ളിശ്ശേരി വീട്ടിൽ സെയ്തിനെ (68) മരിച്ച നിലയിൽ കണ്ടത്.
ശാസ്ത്രീയ അന്വേഷണങ്ങൾക്കൊടുവിൽ കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. കഴുത്ത് ഞെരിച്ചും കല്ലുകൊണ്ട് തലക്കിടിച്ചും ആന്തരികാവയവങ്ങൾക്ക് ക്ഷതം ഏൽക്കത്തക്ക വിധം ശരീരത്തിൽ ചവിട്ടി പരിക്കേൽപിച്ചുമാണ് കൊലപ്പെടുത്തിയത്.
ചാലക്കുടി ഡിവൈ.എസ്.പി ടി.എസ്. സിനോജ്, എസ്.എച്ച്.ഒ കെ.എസ്. സന്ദീപ് എന്നിവരുടെ നേതൃത്വത്തിൽ റൂറൽ ജില്ല പൊലീസ് മേധാവി ഡോ. നവനീത് ശർമ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. കേസിൽ ദൃക്സാക്ഷികൾ ഉണ്ടായിരുന്നില്ല.
സംഭവ സ്ഥലത്തുനിന്ന് ലഭിച്ച ഒഴിഞ്ഞ മദ്യക്കുപ്പി കേന്ദ്രീകരിച്ച് ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളും സമീപ പ്രദേശങ്ങളിലെ മദ്യശാലകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. അതേ ബ്രാന്റിലുള്ള മദ്യം വാങ്ങിയ ആളുകളെക്കുറിച്ച് അന്വേഷിക്കുകയും സംശയമുള്ളവരെ ചോദ്യം ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ സംശയം ബാറുൾ ഇസ്ലാമിലേക്ക് നീങ്ങി. ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തപ്പോൾ കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് അറിയിച്ചു.