ഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചുള്ള ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് വലിയ പ്രഖ്യാപനങ്ങള്‍ നടത്താനും ഇടക്കാല ബജറ്റില്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചേക്കില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പല പദ്ധതികള്‍ക്കും പ്രതീക്ഷിച്ച നിലയില്‍ വിജയം നേടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കണക്കുകള്‍.
ആത്മനിര്‍ഭര്‍ ഭാരതത്തിലേക്കുള്ള ചുവടുവയ്പ്പെന്ന ആമുഖത്തോടെയാണ് കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപനങ്ങള്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം പകുതിക്ക് ശേഷമാണ് അഭിമാന പദ്ധതികളായ ‘ആത്മനിര്‍ഭര്‍ ഹോര്‍ട്ടികള്‍ച്ചര്‍ ക്ലീന്‍ പ്ലാന്റ് പദ്ധതി’, ‘ഫാര്‍മ ഇന്നോവേഷന്‍ പ്രോഗ്രാം’, ‘പ്രധാന മന്ത്രി പിവി ഗോത്ര ക്ഷേമ പദ്ധതി’ എന്നിവ ആരംഭിച്ചത്. നടപ്പാക്കാന്‍ ആരംഭിച്ച പദ്ധതികളുടെ പൂര്‍ണ വിവരങ്ങള്‍ വെബ്സൈറ്റില്‍ പോലും ലഭ്യമല്ല. 40 വര്‍ഷത്തിനിടെ ഇന്ത്യക്ക് 30 ശതമാനം തണ്ണീര്‍ത്തടങ്ങള്‍ നഷ്ടപ്പെട്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇവയുടെ സംരക്ഷണത്തിന് ‘അമൃത് ധരോഹര്‍ പദ്ധതിക്ക്’ കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ തുടക്കം കുറിച്ചത്. പ്രഖ്യാപനം നടന്നിട്ടും കഴിഞ്ഞ ഏപ്രിലില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ലോക്സഭയില്‍ രേഖാമൂലം നല്കിയ മറുപടി തണ്ണീര്‍ത്തടം സംബന്ധിച്ച കണക്കുകള്‍ സര്‍ക്കാരിന്റെ കയ്യില്‍ ഇല്ലെന്നാണ്.
തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തില്‍ കൃഷിക്കും ഗ്രാമീണ വികസന മേഖലയിലും ഈ ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ നല്കാന് സാധ്യത. ഭവനനിര്‍മ്മാണ പദ്ധതിക്കുള്ള വിഹിതത്തില്‍ 15 ശതമാനം വര്‍ധന പ്രഖ്യാപിച്ചേക്കും. ഭക്ഷ്യ വളം, ഇലക്ട്രിക് വാഹന നിര്‍മാണം, ഗ്രീന്‍ ഹൈഡ്രജന്‍, ഡിജിറ്റല്‍ സെക്യൂരിറ്റി എന്നീ മേഖലകള്‍ക്കും ബജറ്റില്‍ കാര്യമായ വകയിരുത്തല്‍ പ്രതീക്ഷിക്കാം.
സര്‍ക്കാര്‍ വെബ്സൈറ്റിലെ കണക്കില്‍ 631 തണ്ണീര്‍ത്തടങ്ങള്‍ മാത്രമാണ് ശോഷണം നേരിടുന്നത്. ഗ്രാമീണ മേഖലയില്‍ 2.95 കോടി വീടുകള്‍ നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെ 2016ല്‍ ആണ് ‘പ്രധാന മന്ത്രി ആവാസ് യോജന’ പ്രഖ്യാപിച്ചത്. കഴിഞ്ഞ ബജറ്റില്‍ ഇതിനായി വകയിരുത്തിയ കേന്ദ്ര വിഹിതം 48000 കോടിയില്‍ നിന്ന് 79000 കോടിയായി ഉയര്‍ത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം പ്രഖ്യാപിച്ച വീടുകളില്‍ 35 ശതമാനം മാത്രമാണ് പൂര്‍ത്തിയായത്. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്കുന്ന ബജറ്റ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കാം എന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ധനക്കമ്മി 4.5 ശതമാനമായി കുറയ്ക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതിനാല്‍ വന്‍കിട പദ്ധതികളുടെ പ്രഖ്യാപനവും ഇത്തവണ ഉണ്ടായേക്കില്ല.#-budget