തിരൂര്‍: മലപ്പുറത്ത് സ്വാകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. പരപ്പനങ്ങാടി മഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഒരു സ്വകാര്യ ബസിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു മിന്നല്‍ പണിമുടക്ക്.
സ്‌കൂള്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പോക്‌സോ ചുമത്തിയായിരുന്നു അറസ്റ്റ്. ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയതോടെ പെരുവഴിയിലായ യാത്രക്കാര്‍ക്ക് തുണയായി തിരൂര്‍ പോലീസ് എത്തി.
തിരൂര്‍-കോട്ടക്കല്‍ റൂട്ടില്‍ വിദ്യാര്‍ഥികളും ആശുപത്രികളിലേക്കും മറ്റും പോകുന്ന യാത്രക്കാര്‍ വലഞ്ഞതോടെ തിരൂര്‍ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.ജെ. ജിജോയുടെ നേതൃത്വത്തില്‍ ബസിറക്കുകയായിരുന്നു. സ്വകാര്യ ബസ് പോലീസ് പിടിച്ചെടുത്ത് സര്‍വീസ് നടത്തുകയും കെ.എസ്ആര്‍.ടിസി ബസുകളിറക്കുകയും ചെയ്തു. തിരൂര്‍ സര്‍ക്കിള്‍ ഓഫീസിലെ ജിനീഷ്, ട്രാഫിക് പോലീസിലെ ഭാഗ്യരാജ് കോട്ടക്കല്‍ എന്നിവര്‍ ബസുകളില്‍ ഡ്രൈവര്‍മാരായി.
വെള്ളിയാഴ്ച രാവിലെ ആറു മുതല്‍ ആണ് പണിമുടക്ക് ആരംഭിച്ചത്. കോട്ടക്കല്‍-തിരൂര്‍, കോട്ടക്കല്‍-മലപ്പുറം, മഞ്ചേരി-മലപ്പുറം, മലപ്പുറ-വേങ്ങര-പരപ്പനങ്ങാടി റൂട്ടുകളിലെല്ലാം പണിമുടക്ക് തുടരുകയാണ്. പരപ്പനങ്ങാടി-മഞ്ചേരി റൂട്ടിലായിരുന്നു ആദ്യം പണിമുടക്കിയത്. പിന്നീട് മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.