പുൽപ്പള്ളി: വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താലിനിടെയുണ്ടായ സംഘർഷത്തിന് കാരണം ളോഹയിട്ട ചിലരാണെന്ന പരാമർശത്തിൽ മലക്കംമറിഞ്ഞ് ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് കെപി മധു രംഗത്ത്. ളോഹയിട്ട ചിലരാണ് പുൽപ്പള്ളിയിൽ സംഘർഷത്തിന് ആഹ്വാനം ചെയ്തതെന്ന് താൻ പറഞ്ഞിട്ടില്ലെന്നാണ് ബി ജെ പി ജില്ലാ പ്രസിഡന്‍റിന്‍റെ പുതിയ വിശദീകരണം. ളോഹയിട്ട ആളുകൾ ആണ് കലാപ ആഹ്വാനം ചെയ്തത് എന്ന് താൻ പറഞ്ഞിട്ടില്ലെന്നും എങ്ങനെ ആണ് ഇത്തരം വാർത്ത പ്രചരിക്കുന്നതെന്ന് അറിയില്ലെന്നും മധു വിശദീകരിച്ചു.
പുൽപ്പള്ളിയിൽ ഉണ്ടായത് ജനങ്ങളുടെ സ്വാഭാവിക പ്രതിഷേധമാണെന്നും ഇതിന് കാരണക്കാർ സംസ്ഥാന സർക്കാരാണെന്നും ബി ജെ പി വയനാട് ജില്ലാ പ്രസിഡന്‍റ് പറഞ്ഞു. സംഭവത്തിൽ ഒന്നാം പ്രതി സംസ്ഥാനം സർക്കാരാണെന്നും വയനാട്ടിലെത്തുന്ന മന്ത്രിതല സംഘത്തെ തടയുമെന്നും മധു വിവരിച്ചു. മന്ത്രിതല സമിതി വന്നത് കൊണ്ട് കാര്യമില്ലെന്നും അത്തരം ചർച്ചകൾക്ക് പ്രസക്തി ഇല്ലെന്നും മുഖ്യമന്ത്രിയാണ് വയനാട്ടിൽ എത്തേണ്ടതെന്നും ബി ജെ പി ജില്ലാ അധ്യക്ഷൻ കൂട്ടിച്ചേർത്തു.