കൊല്ലം: കൊല്ലം തലവൂർ പഞ്ചായത്തിലെ ബിജെപി മെമ്പറായ രഞ്ജിത്ത് വാർഡിലെ ഒമ്പത് കുടുംബങ്ങളുടെ കറന്റ് ബിൽ കെഎസ്ഇബി ഓഫീസിൽ നേരിട്ട് ചെന്ന് അടച്ചു. ഏകദേശം ഏഴായിരത്തോളം രൂപ വരുന്ന ബിൽ തുക മുഴുവൻ ചില്ലറയായിട്ടാണ് രഞ്ജിത്ത് കെഎസ്ഇബി ഓഫീസിൽ എത്തിച്ചത്. ഇതോടെ ചില്ലറ എണ്ണിയെണ്ണി ജീവനക്കാർ മടുത്തു. ബിജെപി മെമ്പറുടെ വ്യത്യസ്തമായ പ്രതിഷേധ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ ചർച്ചാ വിഷയമാണ്. നിരവധി പേർ രഞ്ജിത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.
വാർഡിലുള്ള ഒമ്പത് വീടുകളുടെ ബില്ലാണ് രഞ്ജിത്ത് കെഎസ്ഇബി ഓഫീസിൽ ചില്ലറയുമായി നേരിട്ടെത്തി അടച്ചത്. ‘കെഎസ്ഇബിയും വാട്ടർ അതോറിറ്റിയും ഇപ്പോൾ നമ്മളെ പണിഞ്ഞുകൊണ്ടിരിക്കുകയാണ്. നമുക്ക് നല്ല പണിയാണ് ഇവർ തരുന്നത്. എന്നുമുള്ള ചാർജ് വർദ്ധനവ്, ഒരു ദിവസം കുറഞ്ഞത് 20 തവണ കറന്റ് പോകും. ഇടയ്ക്കിടെ കറന്റ് പോകുന്നു. അതിനേക്കാൾ നല്ലത് അഞ്ച് മണിക്കൂർ തുടർച്ചയായി കട്ട് ചെയ്‌തോ. നമുക്ക് വിഷമമില്ല’- രഞ്ജിത് പറഞ്ഞു.
‘ഇപ്പോൾ എഴ് വീടുകളുടെ ബില്ലാണുള്ളത്. വരും ദിവസങ്ങളിൽ ഇത് തന്നെയാണ് ആവർത്തിക്കുന്നതെങ്കിൽ, ഒരു പരിഹാരം കണ്ടില്ലെങ്കിൽ ഈ 450 ബില്ലും ഞാൻ ഒരു പിക്കപ്പ് വിളിച്ച് ചില്ലറയാക്കി അതിനകത്ത് കൊണ്ടുവരും. ഇപ്പോൾ ഏഴായിരം രൂപയുടെ ചില്ലറയാണുള്ളത്. ഇത് ഒരു 50 കിലോയ്ക്ക് അടുത്ത് വരും. കെഎസ്ഇബി മാത്രമല്ല, വാട്ടർ അതോറ്റിയുടെ കാര്യവും ഇതുപോലെ തന്നെയാണ്. റോഡിൽ മൊത്തം പൈപ്പ് പൊട്ടി വെള്ളമൊലിച്ച് കൊണ്ടിരിക്കുകയാണ്’- രഞ്ജിത്ത് പറഞ്ഞു.