പുൽപള്ളി: ജപ്തി നടപടികളുമായെത്തിയ ബാങ്ക് ഉദ്യോഗസ്ഥരെ കർഷകസംഘത്തിന്റെ നേതൃത്വത്തിൽ തടഞ്ഞു. കല്ലുവയൽ നെല്ലിക്കുന്നേൽ ഷാജിയുടെ വീടും പുരയിടവും ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്.
തിരിച്ചടവിന് സാവകാശം അനുവദിച്ചതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. 2016 -18 കാലയളവിൽ ചെതലയം സെൻട്രൽ ബാങ്കിൽ നിന്ന് ഹൗസിങ് ലോൺ, ചെറുകിട സംരംഭം, കാർഷിക ലോൺ എന്നീ ഇനങ്ങളിലായി 27 ലക്ഷം രൂപ വായ്പയായി എടുത്തിരുന്നു.
ഇടക്കാലത്ത് തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് 11 ലക്ഷത്തോളം രൂപ കുടിശ്ശിക വന്നു. ഈ തുക ഈടാക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് അകമ്പടിയോടെ ജപ്തിയുമായി ഉദ്യോഗസ്ഥരെത്തിയത്. മാർച്ച് അവസാനവാരത്തിനുള്ളിൽ കുടിശ്ശികത്തുക തിരിച്ചടക്കാമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.