കൊച്ചി: ആലുവയിലെ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന് വിചാരണ പൂര്‍ത്തിയായി. കഴിഞ്ഞ ജൂലൈയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കുട്ടിയെ തട്ടിക്കൊണ്ട് പോയ ശേഷം മാലിന്യ കൂമ്പാരത്തിൽ വച്ച് ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയുമായിരുന്നു. കുട്ടിയെ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും കോടതിയില്‍ ഹാജരാക്കി.43 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷന് 95 രേഖകളും പത്ത് തൊണ്ടിമുതലുകളും ഫോറന്‍സിക് പരിശോധനാ ഫലവും ഹാജരാക്കി.
കുട്ടിയുടെ ആന്തരികാവയവ പരിശോധനയില്‍ മദ്യത്തിന്റെ സാന്നിധ്യവും സ്ഥിരീകരിച്ചു. പ്രതി അസഫാക് സമാനമായ കുറ്റകൃത്യം ദില്ലിയിൽ ചെയ്തതിന്റെ രേഖകളും പ്രോസിക്യൂഷന് ഹാജരാക്കി.
ഇയാള്‍ക്കെതിരേ ദില്ലിയില്‍ പോക്സോ കേസുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 2018ല്‍ ഗാസിപൂരില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് പത്തുവയസ്സുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിക്ക് മലയാളമറിയാത്തതിനാല്‍ പരിഭാഷകയുടെ സേവനം ലഭ്യമാക്കിയിരുന്നു. കേസില്‍ പ്രതിഭാഗം വാദവും അതിവേഗം പൂര്‍ത്തിയാക്കാനാണ് ശ്രമം. കുറ്റകൃത്യത്തിന് ശേഷം 35 ദിവസത്തിനകം പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. 83 ദിവസത്തിനകം പ്രോസിക്യൂഷൻ വാദവും പൂർത്തിയാക്കി.