ആലപ്പുഴ: സംസ്ഥാനത്തിന് മൊത്തമായി പ്രഖ്യാപിച്ച ചില പദ്ധതികളിൽ ഇടംനേടി ആലപ്പുഴയും. നേരത്തെ പ്രഖ്യാപിച്ച പലതും
എങ്ങുമെത്തിയിട്ടില്ല. ഇതിനിടെ കടന്നെത്തിയ ആവർത്തന പദ്ധതികൾ പ്രതീക്ഷക്ക് കുറയ്ക്കുന്നു.
അതേസമയം, കുട്ടനാടിനെ കരകയറ്റാൻ പര്യാപ്തമായ പദ്ധതികളില്ല. വിനോദസഞ്ചാരമേഖലയിലും കയർമേഖലയിലും നേരിയ ഉണർവേകുന്ന ചില പദ്ധതികൾ മാത്രമാണുള്ളത്. കുട്ടനാട് പാക്കേജ് ഉൾപ്പെടെ വൻപദ്ധതിയുടെ തുടർച്ച കർഷകർ പ്രതീക്ഷിച്ചിരുന്നു.
പ്രതിസന്ധിയിലായ കയര്‍മേഖലക്ക് ഉണർവേകാൻ 107.64 കോടി അനുവദിച്ചതാണ് എടുത്തുപറയേണ്ട മറ്റൊന്ന്. കയറും കയർ ഉൽപന്നങ്ങളുടെ സംഭരണത്തിനും വിപണനത്തിനും 38 കോടിയാണ് നീക്കിവെച്ചത്.
ആലപ്പുഴ ഉൾപ്പെടെ പ്രദേശങ്ങളില്‍ 100 മുതല്‍ 200 വരെ പേർ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഐ.ടി കേന്ദ്രങ്ങളിൽ വർക്ക് നിയർ ഹോമിന്റെ ഭാഗമായി ലീപ് സെന്ററുകൾക്കായി 10 കോടിയും മത്സ്യബന്ധനമേഖലയില്‍ പട്രോളിങ്ങിനായി 20 ബോട്ടുകള്‍ വാടകക്ക് എടുക്കാനും മത്സ്യവിഭവങ്ങളുടെ സംരക്ഷണവും പരിപാലനവും ഉറപ്പാക്കാനും ഒമ്പതുകോടിയും മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് ഭൂമിയും വീടും നല്കുന്ന പദ്ധതിക്ക് 10 കോടിയും തീരദേശഅടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 10 കോടിയും ബജറ്റിൽ ഇടംപിടിച്ചു. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ വളർച്ചക്ക് സഹായകമാകുന്ന ചില പദ്ധതികളിൽ ജില്ലയും ഇടംപിടിച്ചിട്ടുണ്ട്.