ബ്യൂണസ് ഐറിസ്: കനത്ത കൊടുങ്കാറ്റിൽ വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന യാത്ര വിമാനം തെന്നിമാറി. കിഴക്കൻ അർജന്റീനയിലെ ബ്യൂണസ് അയേഴ്സിന് സമീപമുള്ള എയറോപാർക് ജോർജ്ജ് ന്യൂബെറി വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഞായറാഴ്ച ഉണ്ടായ ശക്തമായ കൊടുങ്കാറ്റിൽ നിർത്തിയിട്ടിരുന്ന വിമാനം വട്ടം കറങ്ങുന്നതാണ് പുറത്തുവന്ന വീഡിയോയിൽ ഉള്ളത്. വിമാനത്തിന്റെ ചിറക് തട്ടി ബോർഡിംഗ് പടികൾ മറിഞ്ഞുവീഴുന്നുമുണ്ട്. അടുത്ത് തന്നെ മറ്റൊരു വിമാനം ഉണ്ടായിരുന്നു. അതിൽ ഇടിക്കാതെ തെന്നിമാറിയത് വലിയ നഷ്ടം ഒഴിവാക്കി. അർജന്റീനയിൽ വീശിയടിക്കുന്ന കൊടുങ്കാറ്റിൽ 14പേരാണ് ഇതുവരെ മരിച്ചത്. കൂടാതെ വെെദ്യുതി തകരാറുകൾ സംഭവിച്ചിട്ടുമുണ്ട്.
ശനിയാഴ്ച ബഹിമ ബ്ലാങ്ക നഗരത്തിൽ മണിക്കൂറിൽ 150കിലോമീറ്റർ (93 മെെൽ) വേഗതയിൽ വീശിയടിച്ച കൊടുങ്കാറ്റിൽ റോളർ സ്‌കേറ്റിംഗ് മത്സരം നടന്ന കായിക കേന്ദ്രത്തിന്റെ മേൽക്കൂര തകർത്തിരുന്നു. സംഭവത്തിൽ 14പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി അർജന്റീനിയൻ പ്രസിഡന്റ് ജാവിയർ മിലി ഞായറാഴ്ച ബഹിമ ബ്ലാങ്കയിലേയ്ക്ക് പുറപ്പെട്ടു.
അർജന്റീന തലസ്ഥാനമായ ബ്യൂണസ് ഐറിസിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള മൊറേനോ പട്ടണത്തിൽ മരക്കൊമ്പ് വീണ് ഒരു സ്ത്രീ മരിച്ചതോടെ കൊടുങ്കാറ്റിൽ ജീവൻ നഷ്ടമായവരുടെ എണ്ണം 14ആയി. മരങ്ങൾ വീണും മേൽക്കൂരകൾ വീണുമാണ് കൂടുതൽ ജനങ്ങൾക്ക് പരിക്കേറ്റത്.