ഹൈദരാബാദ്: വ്യോമസേനയുടെ പരിശീലന വിമാനം തകർന്ന് രണ്ട് പേർക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ മേഡക് ജില്ലയിൽ ഇന്ന് രാവിലെയാണ് സംഭവം. വ്യോമസേനയിലെ രണ്ട് പൈലറ്റുമാരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്വേഷണം നടത്താൻ വ്യോമസേന ഉത്തരവിട്ടു.
വ്യോമസേനയുടെ ഹൈദരാബാദ് അക്കാദമിയിൽ നിന്നാണ് വിമാനം ടേക്കോഫ് ചെയ്തത്. പരിശീലകനും പരിശീലക പൈലറ്റുമാണ് വിമാനത്തിലുണ്ടായിരുന്നത്. രണ്ട് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ഇന്ന് രാവിലെ ഹൈദരാബാദിലെ എഎഫ്എയിൽ നിന്നുള്ള പതിവ് പരിശീലന പറക്കലിനിടെയാണ് പിലാറ്റസ് പിസി 7 എംകെ II വിമാനം അപകടത്തിൽപ്പെട്ടതെന്ന് വ്യോമസേന വക്താവ് അറിയിച്ചു.
വ്യോമസേന പൈലറ്റുമാർക്ക് പരിശീലനം നൽകുന്ന സിംഗിൽ എഞ്ചിൻ എയർക്രാഫ്റ്റാണ് പിലാറ്റസ് പിസി 7 എംകെ II. അപകടത്തിന്റെ കാരണം അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാവുകയുള്ളു. വ്യോമസേന ഉദ്യോഗസ്ഥരുടെ മരണത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അനുശോചനം അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നെന്ന് അദ്ദേഹം അറിയിച്ചു.