എഐ ക്യാമറകൾ വെച്ചതിന് കെൽട്രോണിന് പണം അനുവദിച്ച് സർക്കാർ. ആദ്യ ഗഡുവായ 9.39 കോടി നൽകാൻ ഉത്തരവായി. പണം കിട്ടാത്തതിനാൽ പിഴയടക്കാനുള്ള ചെല്ലാൻ അയക്കുന്നത് നിർത്തിവച്ചിരുന്നു.
എ ഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് നോട്ടീസ് അയയ്ക്കാൻ നിയോഗിച്ച കരാർ ജീവനക്കാരെ കെൽട്രോൺ കഴിഞ്ഞ ദിവസമാണ് പിൻവലിച്ചത്. കരാർ പ്രകാരമുള്ള തുക സർക്കാരിൽ നിന്ന് ലഭിക്കാത്തതിനെ തുടർന്നാണ് നടപടി. മൂന്ന് മാസത്തെ കുടിശ്ശികയായി 11 കോടിരൂപയാണ് സർക്കാർ കെൽട്രോണിന് നൽകാനുള്ളത്.
എ ഐ ക്യാമറകളിൽ ട്രാഫിക് നിയമലംഘനങ്ങൾ ഇപ്പോൾ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടെങ്കിലും കൺട്രോൾ റൂമിലുള്ളത് മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർ മാത്രമാണ്. നിയമലംഘനങ്ങൾ വേർതിരിച്ച് നോട്ടീസ് അയയ്ക്കുന്നതിനാണ് കരാർ ജീവനക്കാരെ ചുമതലപ്പെടുത്തിയിരുന്നത്. ഈ ജീവനക്കാർക്ക് കെൽട്രോൺ പ്രത്യേക പരിശീലനവും നൽകിയിരുന്നു.
മൂന്ന് മുതൽ അഞ്ച് വരെ ജീവനക്കാരാണ് ഓരോ ജില്ലകളിലും ഉണ്ടായിരുന്നത്. ദിവസങ്ങളായി പല കൺട്രോൾ റൂമുകളിലും ജീവനക്കാർ എത്തിയിട്ടില്ലെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ക്യാമറകൾ സ്ഥാപിച്ചതും അത് പരിപാലിക്കാൻ സർക്കാർ ഏൽപ്പിച്ചതും കെൽട്രോണിനെയായിരുന്നു. കരാർ തുക നൽകിയില്ലെന്ന് കാട്ടി കെൽട്രോൺ നോട്ടീസ് നൽകിയിരുന്നെങ്കിലും സർക്കാരിൽ നിന്ന് മറുപടി ലഭിച്ചില്ലെന്നും ആക്ഷേപം ഉയർന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന സർക്കാർ പണം അനുവദിച്ചത്.#keltron