ഡൽഹി: കരിപ്പൂരിൽ നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരോട് കാട്ടുന്ന കടുത്ത വിവേചനം പരിഹരിക്കാനും അവരോട് നീതിപുലർത്താനും അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ലോക്സഭാംഗങ്ങളായ ഇ.ടി മുഹമ്മദ് ബഷീർ, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എന്നിവരും രാജ്യസഭാംഗമായ പി.വി. അബ്ദുൽ വഹാബും ന്യൂനപക്ഷ- ഹജ്ജ്കാര്യ മന്ത്രി സ്മൃതി ഇറാനിയെ കണ്ട് നിവേദനം നൽകി.
കേരളത്തിലെയും രാജ്യത്തെ മറ്റു ഭാഗങ്ങളിലെയും എംബാർക്കേഷൻ പോയൻറുകളിൽ നിന്ന് വ്യത്യസ്തമായി കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രക്കാരോട് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്ന ക്രൂരമായ വിവേചനവും വിമാന ടിക്കറ്റ് ചാർജ്ജിലുള്ള ഭീമമായ അന്തരവും എം.പിമാർ വിശദമായി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഹജ്ജ് യാത്രക്കാരായ തീർത്ഥാടകരോടുള്ള ഈ രീതിയിലുള്ള ചൂഷണം ഒരു നിലയിലും നീതീകരിക്കാവതല്ല. എത്രയും പെട്ടെന്ന് ഇടപെട്ട് അത് പരിഹരിക്കാനുള്ള നടപടിയുണ്ടാകണം – അവർ മന്ത്രിയോട് ആവശ്യപ്പെട്ടു.