കൊല്ലം: കെണിവെച്ച കമ്പി വയറില്‍ കുടുങ്ങി മുതുകില്‍ മുറിവേറ്റ് മേവറത്ത് കണ്ടെത്തിയ മുള്ളന്‍ പന്നിക്ക് ജില്ല മൃഗാശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി. ആഴത്തിലുള്ള മുറിവില്‍നിന്ന് രക്തംവാര്‍ന്ന നിലയിലാണ് നാട്ടുകാർ മുള്ളന്‍ പന്നിയെ കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പ് അധികൃതരെത്തി പ്രത്യേക കൂട്ടിലാക്കി ആശുപത്രിയിലെത്തിച്ചു.
15 കിലോ ഭാരമുള്ള പെണ് മുള്ളന്‍ പന്നിയെ രക്തസ്രാവം നിലക്കുന്നതിനുള്ള മരുന്നുകള്‍ നല്കി മുറിവുകള്‍ തുന്നിക്കെട്ടി. ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും നല്കി. തുടര്‍ന്നാണ് ആശുപത്രി മേധാവി ഡോ. ഡി. ഷൈന്‍കുമാറിന്റെ നേതൃത്വത്തില്‍ വെറ്ററിനറി സര്ജന്മാരായ ഡോ. സജയ്കുമാര്‍, ഡോ. സേതു ലക്ഷ്മി തുടങ്ങിയവരുടെ സഹായത്തോടെ ശസ്തക്രിയക്ക് വിധേയമാക്കിയത്. അഞ്ചുദിവസത്തെ ചികിത്സകള്‍ക്കുശേഷം ശെന്തരുണി വന്യജീവി സങ്കേതത്തില്‍ വിടുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.