കണ്ണൂർ: വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നിർമിച്ച് നിരവധി പെൺകുട്ടികളുമായി ചാറ്റ് ചെയ്ത് ബന്ധം സ്ഥാപിക്കുകയും അവരുടെ സ്വകാര്യ ചിത്രം ശേഖരിച്ച് മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന യുവാവ് അറസ്റ്റിൽ. കപ്പക്കടവ് നുചിതോട് സ്വദേശി കളത്തിൽ ഹൗസിൽ മുഹമ്മദ് സഫ്വാൻ (23) ആണ് അറസ്റ്റിലായത്. സൈബർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഷാജു ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.
ഏച്ചുർ സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. കേസ് അന്വേഷണത്തിനിടെ പ്രതി സമൂഹ മാധ്യമങ്ങളിൽനിന്ന് നിരവധി യുവതികളുടെ ഫോട്ടോ ശേഖരിച്ചു വ്യാജ അക്കൗണ്ടുകൾ നിർമിച്ചു ദുരുപയോഗം ചെയ്തതായി കണ്ടെത്തി. ചെന്നൈയിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതി ഇതിനായി രണ്ട് ഫോണുകളും നാല് സിമ്മുകളും ഉപയോഗിച്ചിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി താമസ സ്ഥലത്ത് എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സബ് ഇൻസ്പെക്ടർമാരായ സുഭാഷ് ചന്ദ്രൻ, ഉദയ കുമാർ, എ.എസ്.ഐ ജ്യോതി, എസ്.സി.പി.ഒ സിന്ധു, സി.പി.ഒ അജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.#cyber-crime