മഞ്ചേരി: 11കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി 11 വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴക്കും ശിക്ഷിച്ചു. കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി ഉന്നംതല പഴയതൊടി വീട്ടില്‍ മുഹമ്മദ് റിഷാദിനെയാണ് (28) ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. 2021 നവംബര്‍ 30ന് വൈകീട്ട് ആറരക്കായിരുന്നു സംഭവം.
മലപ്പുറം വനിത സ്റ്റേഷന് സബ് ഇന്‍സ്പെക്ടറായിരുന്ന സന്ധ്യാദേവിയാണ് പ്രതിയെ അറസ്റ്റ് ചെയ്തതും അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതും. പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സോമസുന്ദരന്‍ 12 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് ലൈസണ്‍ വിങ്ങിലെ അസി. സബ് ഇന്‍സ്പെക്ടര്‍മാരായ എന്‍. സല്‍മ, പി. ഷാജിമോള്‍ എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ ജയിലിലേക്കയച്ചു.