മംഗളൂരു: മത്സ്യബന്ധന ബോട്ട് തടഞ്ഞ് തൊഴിലാളികളെ അക്രമിച്ച് രണ്ടു ലക്ഷം രൂപ വിലവരുന്ന മീൻ തട്ടിയെടുത്തതായി പരാതി. ഉഡുപ്പി ജില്ലയിലെ കൗപിൽനിന്ന് 10 നോട്ടിക്കൽ മൈൽ അകലെ കടലിൽ വച്ചാണ് മത്സ്യം തട്ടിയെടുത്തത്.. ഹനുമ ജ്യോതി എന്ന് പേരുള്ള ബോട്ടിൽ എത്തിയവരാണ് തന്റെ ബോട്ട് തടഞ്ഞ് അക്രമം നടത്തിയതെന്ന് ഉടമ മംഗളൂരു സ്വദേശി മുഹമ്മദ് മുസ്തഫ പാഷ കൗപ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞു. കഴിഞ്ഞ മാസം 27ന് മംഗളൂരു മത്സ്യബന്ധന തുറമുഖത്തുനിന്ന് പുറപ്പെട്ട ബോട്ട് മീൻ നിറച്ച് മടങ്ങുകയായിരുന്നു. ആന്ധ്രപ്രദേശ് സ്വദേശികളായ പർവതയ്യ, കൊണ്ടയ്യ, രഘുരാമയ്യ, ശിവരാജ്, ഷീനു, എളുമലൈ, ചിന്നോടു, രാജ എന്നിവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.20 തൊഴിലാളികളുമായി വന്ന ഹനുമ ബോട്ടിലെ എട്ടോളം പേർ തന്റെ ബോട്ടിൽ ഇരച്ചുകയറി അക്രമം നടത്തുകയായിരുന്നെന്നാണ് പരാതിപ്പെട്ടത്. പർവതയ്യ, കൊണ്ടയ്യ, രഘുരാമയ്യ എന്നിവർക്ക് ഗുരുതരമായി പരിക്കുണ്ട്. 12 പെട്ടി മത്സ്യം അക്രമികൾ കൊണ്ടുപോയി.നാല് മൊബൈൽ ഫോണുകളും തട്ടിപ്പറിച്ചു. തന്റെ ബോട്ട് അവരുടെ വല കേടുവരുത്തി എന്ന് ആരോപിച്ചാണ് അക്രമം നടത്തിയതെന്ന് പരാതിയിൽ പറഞ്ഞു. കൗപ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.