ഡൽഹി: ബജറ്റിന് മുന്നോടിയായി രാഷ്ട്രപതി പാർലമെന്‍റിനെ അഭിസംബോധന ചെയ്ത് നടത്തിയത് തെരഞ്ഞെടുപ്പ് പ്രസംഗമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. രാഷ്ട്രപതിയുടെ പ്രസംഗം ഏകപക്ഷീയമായ ആഖ്യാനം മാത്രമായിരുന്നുവെന്ന് ശശി തരൂർ ആരോപിച്ചു.
“രാഷ്ട്രപതിക്ക് വായിക്കാനായി ഒരു തെരഞ്ഞെടുപ്പ് പ്രസംഗം അവർ തയാറാക്കി. പ്രധാനപ്പെട്ട പല കാര്യങ്ങളും ഒഴിവാക്കിയ ഏകപക്ഷീയമായ വിവരണമാണത്” -ശശി തരൂർ പറഞ്ഞു.
മോദി സർക്കാറിന്‍റെ നേട്ടങ്ങൾ പറഞ്ഞാണ് രാഷ്ട്രപതി പ്രസംഗം നടത്തിയത്. കഴിഞ്ഞ 10 വർഷത്തെ നരേന്ദ്ര മോദി ഭരണത്തിൽ രാജ്യത്തിനുണ്ടായ നേട്ടങ്ങളിൽ രാമക്ഷേത്രത്തിന്റെ നിർമാണവും രാഷ്ട്രപതി പരാമർശിച്ചു. ജമ്മുകശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കൾ 370 റദ്ദാക്കാനായതും സർക്കാറിന്റെ നേട്ടമാണെന്ന് ദ്രൗപതി മുർമ്മു പറഞ്ഞു.
ഐതിഹാസികമായ നേട്ടങ്ങളിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. അടിസ്ഥാന സൗകര്യ വികസനമേഖലയിലടക്കം വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ രാജ്യത്തിന് കഴിഞ്ഞുവെന്നും രാഷ്ട്രപതി പറഞ്ഞു.