തിരുവനന്തപുരം: കോർപ്പറേഷനിലെ വെള്ളാർ വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 23 തദ്ദേശവാർഡുകളിൽ അടുത്തമാസം 22 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക അഞ്ച് വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ഫെബ്രുവരി ആറിന്. എട്ട് വരെ പത്രിക പിൻവലിക്കാം. വോട്ടെണ്ണൽ 23 ന് രാവിലെ 10ന്.
മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഉപതിരഞ്ഞെടുപ്പുള്ള ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ വാർഡുകളിലും കോർപ്പറേഷൻ, മുനിസിപ്പാലിറ്റികളിൽ അതത് വാർഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകം. നാമനിർദ്ദേശ പത്രികയ്ക്കൊപ്പം കെട്ടിവയ്ക്കേണ്ട തുക മുനിസിപ്പൽ കോർപ്പറേഷനിൽ 5000 രൂപയും മുനിസിപ്പാലിറ്റികളിൽ 4000 രൂപയും ഗ്രാമപഞ്ചായത്തുകളിൽ 2000 രൂപയുമാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് അവയുടെ പകുതി തുക മതി. 23 വാർഡുകളിലായി ആകെ 32,512 വോട്ടർമാരുണ്ട്. അതിൽ 15,298 പുരുഷന്മാരും 17,214 സ്ത്രീകളുമാണ്. www.seckerala.gov.inലും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലും വോട്ടർപട്ടിക ലഭ്യമാണ്. പത്ത് ജില്ലകളിലായി ഒരു കോർപ്പറേഷൻ വാർഡിലും നാല് മുനിസിപ്പാലിറ്റി വാർഡുകളിലും 18 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.#election