ഫലസ്തീന് അഭയാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സിക്ക് (യുഎന്‍ആര്‍ഡബ്ല്യുഎ) പിന്തുണ തുടരുമെന്ന് ഫലസ്തീനിലെ നോര്‍വേയുടെ പ്രതിനിധി ഓഫിസ് അറിയിച്ചു. ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ ആക്രമണത്തില്‍ ഏജന്‍സിയുടെ ജീവനക്കാര്‍ക്ക് ബന്ധമുണ്ടെന്ന് കഴിഞ്ഞദിവസം ഇസ്രായേല്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഒമ്പത് രാജ്യങ്ങള്‍ ഏജന്‍സിക്ക് ഫണ്ട് നല്‍കുന്നത് നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചു.
ഇതോടെയാണ് നോര്‍വേ നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്. ‘മഹാദുരന്തമാണ് ഗസ്സയിലേത്. യുഎന്‍ആര്‍ഡബ്ല്യുഎ അവിടെയുള്ള ഏറ്റവും പ്രധാനപ്പെട്ട മാനുഷിക സംഘടനയാണ്. ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സിയിലൂടെ ഫലസ്തീന്‍ ജനതക്കുള്ള പിന്തുണ നോര്‍വേ തുടരും. ഫലസ്തീനിനുള്ള അന്താരാഷ്ട്ര പിന്തുണ എന്നത്തേക്കാളും അധികം ഇപ്പോള്‍ ആവശ്യമാണ്.
വ്യക്തികള്‍ പലതും ചെയ്‌തേക്കാം. പക്ഷെ, യുഎന്‍ആര്‍ഡബ്ല്യുഎ എന്തിനെയാണ് സൂചിപ്പിക്കുന്നതെന്ന് ഞങ്ങള്‍ക്ക് വേര്‍തിരിച്ചറിയാനാകും. ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും സംഘടനയുടെ പതിനായിരക്കണക്കിന് ജീവനക്കാര്‍ സഹായം വിതരണം ചെയ്യുന്നതിലും ജീവന്‍ രക്ഷിക്കുന്നതിലും അടിസ്ഥാന ആവശ്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിലും നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്’ -നോര്‍വേയുടെ പ്രതിനിധി ഓഫിസ് വിശദീകരിച്ചു.
യു.എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ പ്രവര്‍ത്തനം അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ ഇസ്രായേല്‍ ഉന്നയിച്ച ആരോപണം ഏറ്റുപിടിച്ചിരിക്കുകയാണ്?? അമേരിക്ക ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങള്‍. ഏജന്‍സിക്ക് ഇനി ഫണ്ട് നല്‍കില്ലെന്ന് അമേരിക്ക, ബ്രിട്ടന്‍, കനഡ, ഇറ്റലി, ജര്‍മനി, ഫിന്‍ലന്‍ഡ്, നെതര്‍ലാന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങള്‍ അറിയിച്ചു.#norway