തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് കേന്ദ്രസേനയുടെ സുരക്ഷ ഏര്‍പ്പെടുത്തിയതിന് പിന്നാലെ കേന്ദ്രം ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയതും സംശയാസ്പദമാണെന്നാണ് സി.പി.എം വിലയിരുത്തല്‍. എല്ലാ മാസവും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കുന്ന റിപ്പോര്‍ട്ടിലും ഇത്തവണ ഗവര്‍ണര്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് സൂചന.
സംസ്ഥാനത്തെ ഭരണത്തലവനായ ഗവര്‍ണര്‍ക്കാണ് ഏറ്റവും കൂടുതല്‍ സുരക്ഷയുള്ളത്.അത് വിട്ടിട്ട് കേന്ദ്ര സേനയുടെ സുരക്ഷ ഏര്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നാണ് സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും വിലയിരുത്തല്‍. തെരുവ് പ്രതിഷേധത്തിന് തൊട്ട് പിന്നാലെ കേന്ദ്ര സേന എത്തിയതിനേയും സംശയത്തോടെയാണ് പാര്‍ട്ടി നോക്കിക്കാണുന്നത്. വൈകിട്ടോടെ പ്രതിഷേധത്തെ കുറിച്ച് ചീഫ് സെക്രട്ടറിയോട് കേന്ദ്രം റിപ്പോര്‍ട്ട് തേടിയതും ചില നീക്കങ്ങളുടെ ഭാഗമാണെന്ന് സര്‍ക്കാര്‍ കരുതുന്നു.
കേരള പൊലീസ് രാഷ്ട്രീയ തടവറയിലാണെന്ന ഗവര്‍ണറുടെ പരാമര്‍ശവും ഇതിനോട് സര്‍ക്കാര്‍ വൃത്തങ്ങള്‍ കൂട്ടി വായിക്കുന്നു. ചീഫ് സെക്രട്ടറി നല്‍കുന്ന റിപ്പോര്‍ട്ടിന്‍മേല്‍ കേന്ദ്രം എന്ത് നടപടിയെക്കും എന്നതും സര്‍ക്കാര്‍ ഉറ്റ് നോക്കുന്നുണ്ട്. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്ന് നേരത്തെ പറഞ്ഞിട്ടുള്ള ഗവര്‍ണര്‍ ഇത്തവണ കുറച്ച് കൂടി കടുപ്പിച്ച റിപ്പോര്‍ട്ടാണ് നല്‍കുകയെന്നാണ് സൂചന. ഇതെല്ലാം മുന്നില്‍ കണ്ട് ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം ശക്തമാക്കാനാണ് സി.പി.എം തീരുമാനം. ഇതിന്റെ തുടക്കം എന്ന നിലയില്‍ നാളെ നിയമസഭയില്‍ തുടങ്ങുന്ന നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയെ ഇടത് മുന്നണി ഉപയോഗപ്പെടുത്തും. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്‍ഡിഎഫ് എംഎല്‍എമാര്‍ ഗവര്‍ണക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുമെന്നാണ് സൂചന.#ldf