കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതരായി മെഡിക്കൽ ക്യാമ്പുവഴി കണ്ടെത്തിയ 1031 പേർക്ക് ആനുകൂല്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി വീണ്ടും സമരത്തിലേക്ക്. ജനുവരി 30 മുതൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിലാണ് സമരം.
2016 ജനുവരിയിൽ സെക്രട്ടറിയേറ്റിനു മുന്നിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ സമരത്തെ തുടർന്നുണ്ടായ ധാരണയിൽ ദുരിതബാധിതർക്കായി മെഡിക്കൽ ക്യാമ്പ് പ്രഖ്യാപിച്ചു. അതുപ്രകാരം 2017 ഏപ്രിൽ അഞ്ചു മുതൽ ഒമ്പതുവരെ ബദിയടുക്ക, ബോവിക്കാനം, പെരിയ, രാജപുരം, ചീമേനി പ്രദേശങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തി. ഏഴായിരത്തോളം അപേക്ഷകരിൽ 4738 പേർക്കാണ് അനുമതി ലഭിച്ചത്. 3888 പേർ പരിശോധനക്ക് വിധേയമായി. 1905 ദുരിതബാധിതരെ കണ്ടെത്തി. കലക്ടറുടെ നേതൃത്വത്തിൽ അർഹരുടെ പട്ടിക തയാറാക്കി സർക്കാറിന് നൽകി. പുനരധിവാസ സെല്ലിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ 1905 ദുരിതബാധിതരുടെ അന്തിമ ലിസ്റ്റ് തയാറാക്കി അവതരിപ്പിക്കാൻ തയാറായെങ്കിലും സർക്കാർ തടഞ്ഞു. പട്ടിക 287 ആയി ചുരുക്കി സെല്ലിൽ അവതരിപ്പിച്ചു. പ്രതിഷേധത്തെ തുടർന്ന് 76 പേരെ കൂട്ടിച്ചേർത്തു.
2019 ജനുവരി 30 മുതൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുമ്പിൽ അമ്മമാർ ഏറ്റെടുത്ത അനിശ്ചിതകാല പട്ടിണി സമരത്തെ തുടർന്ന് 1905 ൽ പെട്ട 18 വയസിൽ താഴെയുള്ള കുട്ടികളെ പരിശോധനകളൊന്നും നടത്താതെ ലിസ്റ്റിൽ പെടുത്താനും ബാക്കിയുള്ളവരുടെ മെഡിക്കൽ വിവരങ്ങൾ പരിശോധിച്ച് അർഹരെ ഉൾപ്പെടുത്താനും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തിൽ 18 വയസ്സിൽ താഴെയുള്ള 511 കുട്ടികളെ കൂടി ലിസ്റ്റിൽപെടുത്തി.
എന്നാൽ, ബാക്കി 1031 പേരുടെ കാര്യത്തിൽ നടപടികളുണ്ടായില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് 30ന് രാവിലെ 10 മണി മുതൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനു മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്നതെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണൻ അറിയിച്ചു.