കൊച്ചി: കമാലക്കടവിലെ ടൂറിസ്റ്റ് ബോട്ട് ജെട്ടിയിൽ അപകടങ്ങൾ കൂടുന്നു. ബുധനാഴ്ച വൈകീട്ട് നാലരയോടെ ജെട്ടിയിൽ കിടന്നിരുന്ന ടൂറിസ്റ്റ്ബോട്ടിൽ മത്സ്യബന്ധന ബോട്ടിടിച്ചാണ് അപകടമുണ്ടായത്. ആളപായം ഇല്ല. ജെട്ടിയിൽ വിദേശ ടൂറിസ്റ്റുകളെ കയറ്റാൻ കിടക്കുകയായിരുന്ന ‘അറേബ്യൻ ക്യൂ’ എന്ന ടൂറിസ്റ്റ് ബോട്ടിലാണ് ‘അറയ്ക്കൽ ചെന്നവേലി’യെന്ന മീൻപിടിത്ത ബോട്ട് ഇടിച്ചത്. ചൊവ്വാഴ്ച ‘സെന്റ് ആന്റണീസ്’ എന്ന മത്സ്യബന്ധന ബോട്ട് ഇതേ ജെട്ടിയിൽ നിയന്ത്രണം വിട്ട് ഇടിച്ച് അപകടമുണ്ടായിരുന്നു.
രണ്ടാഴ്ച മുമ്പ് റോ-റോ വെസലും നിയന്ത്രണം തെറ്റി ജെട്ടിയിൽ ഇടിച്ചിരുന്നു. ഡിസംബർ ഒന്നിന് മറ്റൊരു മത്സ്യബന്ധന ബോട്ട് ഇടിച്ച് ജെട്ടിയുടെ നല്ലൊരുഭാഗം തകർന്നിരുന്നു. ഇതേതുടർന്നുള്ള നിർമാണ പ്രവർത്തനങ്ങൾ നടന്നുവരവെയാണ് തുടരെ നാല് അപകടങ്ങൾകൂടി ഉണ്ടായത്. അഞ്ച് അപകടങ്ങളും ജെട്ടിക്കുസമീപത്തെ പെട്രോൾ പമ്പിൽ നിന്നും ഡീസൽ നിറച്ച് ബോട്ടുകൾ അമിതവേഗത്തിൽ പായുമ്പോഴാണ് ഉണ്ടായത്.
കൊച്ചിൻ ഹെറിറ്റേജ് കൺസർവേഷൻ സൊസെറ്റിയുടേതാണ് ടൂറിസ്റ്റ് ജെട്ടി. ഇവിടെ മത്സ്യബന്ധന യാനങ്ങൾ അടുപ്പിക്കുന്നത് നിരോധിച്ചിട്ടുള്ളതാണെങ്കിലും പാലിക്കാത്തതാണ് തുടർ അപകടങ്ങൾക്കിടയാക്കുന്നതെന്ന് സൊസൈറ്റി നോഡൽ ഓഫിസർ ബോണി തോമസ് പറഞ്ഞു.