ഡൽഹി: ചെങ്കടലിലെ സ്ഥിതിഗതികൾ അസ്വസ്ഥമാണെന്നും മൂന്നാംലോകയുദ്ധം സാധ്യതയുടെ പരിധിക്കപ്പുറമല്ലെന്നും യു.എൻ പൊതുസഭ പ്രസിഡന്റ് ഡെന്നിസ് ഫ്രാൻസിസിന്റെ മുന്നറിയിപ്പ്. അഞ്ചുദിവസത്തെ ഇന്ത്യ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
ഗസ്സ യുദ്ധത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണച്ച ഇന്ത്യയുടെ നിലപാടിനെ അദ്ദേഹം അഭിനന്ദിച്ചു. ചെങ്കടലിൽ ഹൂതികളുടെ ആക്രമണം മൂന്നാംലോക രാജ്യങ്ങളുടെ പിന്തുണയുണ്ടെന്നും അത് അപകടകരമാണെന്നും യു.എൻ പൊതുസഭ പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.
ഗസ്സയിലെ സാഹചര്യം, യുക്രെയ്ൻ സംഘർഷം, യു.എൻ രക്ഷാസമിതി പരിഷ്‍കരണം തുടങ്ങി നിരവധി വിഷയങ്ങളിൽ ഇന്ത്യയുടെ ഇടപെടലുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി അദ്ദേഹം ചർച്ച നടത്തി.
ഗസ്സയിലെ സ്ഥിതിഗതികൾ ആശങ്കാജനകമാണെന്ന് അറിയിച്ച അദ്ദേഹം സമാധാനമാണ് ഏക പോംവഴിയെന്നും വ്യക്തമാക്കി. ഒഴിവാക്കാനാവാത്ത ഒന്നാണ് യു.എൻ രക്ഷാസമിതിയിലെ പരിഷ്‍കരണം. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിന് സഹായകമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ അടുത്ത കാലത്തായി രക്ഷാസമിതിക്ക് സാധിക്കുന്നില്ലെന്നും ഫ്രാൻസിസ് വിലയിരുത്തി. ഐക്യരാഷ്ട്രസഭയിൽ ഏറ്റവും കുടുതൽ ബഹുമാനിക്കപ്പെടുന്ന ഒരു രാജ്യമാണ് ഇന്ത്യയെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം സൂചിപ്പിച്ചു.