രാമക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്ന് കൊടുത്തു. ഇന്നലെയായിരുന്നു അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു പ്രാണ പ്രതിഷ്ഠാ ചടങ്ങിന് നേതൃത്വം നല്‍കിയത്. അയോധ്യയിലെ രാമക്ഷേത്രം ദിവസേന രണ്ട് സമയ സ്ലോട്ടുകളില്‍ ആണ് സന്ദര്‍ശകരെ സ്വാഗതം ചെയ്യുക. രാവിലെ 7 മുതല്‍ 11:30 വരെയും തുടര്‍ന്ന് ഉച്ചയ്ക്ക് 2 മുതല്‍ 7 വരെയും.
മൈസൂരു ആസ്ഥാനമായുള്ള ശില്‍പിയായ അരുണ്‍ യോഗിരാജ് രൂപകല്പന ചെയ്ത 51 ഇഞ്ച് ഉയരമുള്ള രാം ലല്ല വിഗ്രഹമാണ് ഇന്നലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ ആര്‍ എസ് എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത്, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ എന്നിവരും പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ക്ഷണിക്കപ്പെട്ട 8000 ത്തോളം വിശിഷ്ടാതിഥികളെ സാക്ഷിയാക്കിയായിരുന്നു ചടങ്ങ് നടന്നത്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെയും വിനോദസഞ്ചാരികളെയും ഈ ക്ഷേത്രത്തിലേക്ക് ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ഉത്തരേന്ത്യന്‍ നഗര ശൈലിയില്‍ ആണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. 2025 ഓടെ മാത്രമെ ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ണമായും പൂര്‍ത്തിയാകുകയുള്ളൂ.
രാമക്ഷേത്രത്തിന് 392 തൂണുകളും 44 വാതിലുകളും ആണ് ഉള്ളത്. ഇവിടങ്ങളിലെല്ലാം ദേവീദേവന്മാരുടെ കൊത്തുപണികളുണ്ട്. അഞ്ച് വയസ്സുള്ള ശ്രീരാമന്റെ വിഗ്രഹമാണ് സ്ഥാപിച്ചിരിക്കുന്നത്. രാമക്ഷേത്രത്തിന് 380 അടി നീളവും 250 അടി വീതിയും 161 അടി ഉയരവും ഉണ്ട്. കിഴക്ക് ഭാഗത്താണ് ക്ഷേത്രത്തിന്റെ പ്രധാന കവാടം സ്ഥിതി ചെയ്യുന്നത്. 32 പടികള്‍ കയറിയാല്‍ ക്ഷേത്രത്തില്‍ എത്താം.
നൃത്യ മണ്ഡപം, രംഗ് മണ്ഡപം, സഭാ മണ്ഡപം, പ്രാര്‍ത്ഥന മണ്ഡപം, കീര്‍ത്തന മണ്ഡപം എന്നിങ്ങനെ ആകെ അഞ്ച് മണ്ഡപങ്ങള്‍ ആണ് ക്ഷേത്രത്തിലുള്ളത്. അതേസമയം അയോധ്യയിലെ രാമലല്ലയുടെ പ്രതിഷ്ഠ ഒരു പുതിയ യുഗത്തിന്റെ ആവിര്‍ഭാവത്തെ അടയാളപ്പെടുത്തുന്നുവെന്നും രാമക്ഷേത്ര നിര്‍മ്മാണത്തിനപ്പുറം ശക്തമായ അടിത്തറ കെട്ടിപ്പടുക്കാന്‍ ജനങ്ങള്‍ക്ക് ആഹ്വാനം നല്‍കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.
രാമക്ഷേത്ര നിര്‍മ്മാണം രാജ്യത്ത് തീപിടുത്തമുണ്ടാക്കുമെന്ന് പറയുന്നവര്‍ അവരുടെ വീക്ഷണങ്ങള്‍ പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാമന്‍ അഗ്‌നിയല്ല, ഊര്‍ജമാണ്, രാമന്‍ തര്‍ക്കമല്ല, പരിഹാരമാണ്, രാമന്‍ നമ്മുടേത് മാത്രമല്ല, എല്ലാവരുടെതുമാണ്, മാത്രമല്ല, ശാശ്വതനുമാണ്. രാമക്ഷേത്രം സമാധാനത്തിന്റെയും ക്ഷമയുടെയും ഐക്യത്തിന്റെയും പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.