അയോദ്ധ്യ അയോദ്ധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങൾ അവസാന മണിക്കൂറുകളിലേക്ക് കടക്കവെ രാംലല്ലയുടെ പൂർണചിത്രം പുറത്തുവന്നു. ശ്രീരാമന് അഞ്ചുവയസുള്ളപ്പോഴുള്ള രൂപത്തിലാണ് രാംലല്ല വിഗ്രഹം, സ്വർണവില്ലും അമ്പുമേന്തിയ രൂപത്തിലുള്ള വിഗ്രഹം മൈസൂർ സ്വദേശിയായ ശില്പി അരുൺ യോഗിരാജാണ് നിർമ്മിച്ചത്. 51 ഇഞ്ച് നീളമുള്ള രാമവിഗ്രഹം കല്ലിലാണ് കൊത്തിയെടുത്തത്. വിഗ്രഹം ക്ഷേത്രത്തിൽ സ്ഥാപിച്ചു. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നെങ്കിലും കണ്ണുകൾ തുണികൊണ്ട് മറച്ച നിലയിലായിരുന്നു, വിഗ്രഹത്തിലെ അമ്പും വില്ലും സ്വർണത്തിലാണ്.
അതേസമയം പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് സംഘപരിവാർ സംഘടനകൾ വീടുകളിൽ ജയ് ശ്രീറാം പതാകകൾ വിതരണം ചെയ്യുന്നുണ്ട്. കൂടാതെ രാമക്ഷേത്രത്തിന്റേതടക്കം ചിത്രങ്ങൾ ഉൾപ്പെടുത്തിയ ആറു തരം സ്റ്റാമ്പുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. സൂര്യൻ, സരയൂ നദി, ഗണപതി, ഹനുമാൻ, ജടായു, ക്ഷേത്രത്തിലെ വിവിധ ശില്പങ്ങൾ തുടങ്ങിയവയുടെ ചിത്രങ്ങളും സ്റ്റാമ്പിലുണ്ട്.അന്താരാഷ്ട്ര തലത്തിൽ രാമനുമായി ബന്ധപ്പെട്ട സ്റ്റാമ്പുകളുടെ ശേഖരമടങ്ങിയ പുസ്തകവും മോദി പുറത്തിറക്കി. അനേകം തലമുറകളെ പ്രാണപ്രതിഷ്ഠയെ കുറിച്ച് ഓർമ്മിപ്പിക്കാൻ സ്റ്റാമ്പുകൾ അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു.
പ്രതിഷ്ഠാദിനമായ 22ന് രാവിലെ പ്രധാനമന്ത്രി സരയൂ നദിയിൽ സ്നാനം ചെയ്യും. രാംപഥിലൂടെയും ഭക്തിപതിലൂടെയും രാമജന്മഭൂമിയിലേക്ക് നടക്കും. രണ്ട് കിലോമീറ്ററോളം മോദി കാൽനടയായി പോകും. തുടർന്ന് ഹനുമാൻ ഗഢി ക്ഷേത്രത്തിൽ ദർശനം നടത്തും.