ചെന്നൈ: കാളയെക്കൊണ്ട് ജീവനുള്ള പൂവൻകോഴിയെ തീറ്റിച്ച യൂട്യൂബർക്കെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തു. സേലം ജില്ലയിലെ ചിന്നപ്പംപട്ടിയിൽ നിന്നുള്ള വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ജെല്ലിക്കെട്ട് മത്സരത്തിനായി കൊണ്ടുവന്ന കാളയെക്കൊണ്ടാണ് ജീവനുള്ള കോഴിയെ തീറ്റിച്ചത്.
കാളയെ മൂന്ന് പേർ ചേർന്ന് പിടിച്ചുവയ്ക്കുകയും മറ്റൊരാൾ ജീവനുള്ള കോഴിയെ ഇതിന്റെ വായിലേക്ക് തിരുകുകയുമായിരുന്നു. 2.48 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ രഘു എന്ന യൂട്യൂബറുടെ അക്കൗണ്ടിലാണ് പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ മാസം ഇരുപത്തിരണ്ടിനാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഇതുശ്രദ്ധയിൽപ്പെട്ട പീപ്പിൾ ഫോർ കാറ്റിൽ ഇന്ത്യയുടെ (പിഎഫ്സിഐ) സ്ഥാപകൻ അരുൺ പ്രസന്ന സേലം പൊലീസിൽ പരാതി നൽകുകയായിരുന്നു. മൃഗപീഡനം തടയൽ നിയമത്തിലെ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.